NATIONAL
ബംഗാൾ മുൻ മുഖ്യമന്ത്രിബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ബംഗാളിലെ സ്വന്തം വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018ൽ പാർട്ടിച്ചുമതലകൾ രാജിവച്ചിരുന്നു.
ഇടതുമുന്നണിയുടെ കോട്ടയായിരുന്ന ബംഗാളിൽ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ൽ മുഖ്യമന്ത്രിയായി. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി. 2011ൽ കനത്ത പരാജയം നേരിട്ടു.
ഉത്തര കൊൽക്കത്തയിൽ 1944 മാർച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡൻസി കോളജിൽനിന്നു ബിരുദം നേടി. 1968ൽ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ (ഡിവൈഎഫ്ഐ ) ബംഗാൾ സെക്രട്ടറിയായ അദ്ദേഹം 1971ൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ൽ കേന്ദ്ര കമ്മിറ്റി അംഗവുമായി.