NATIONAL
കർണാടകയിലെ തുംഗഭഭ്ര ഡാമിന്റെ ഗേറ്റ് തകർന്നു സമീപ ജില്ലകൾക്ക് ജാഗ്രത നിർദേശം

ബംഗളൂരു: കർണാടകയിലെ തുംഗഭഭ്ര ഡാമിന്റെ ഗേറ്റ് തകർന്നു. കർണാടക കൊപ്പൽ ജില്ലയിലുള്ള തുംഗഭഭ്ര ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് തകർന്നത്. പിന്നാലെ ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകി. ഏകദേശം 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്റെ 33 ഗേറ്റുകളും തുറന്ന് വെള്ളം പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
ഡാമിൽ നിന്ന് 60 ടിഎംസി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സംഭവത്തിൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസംഭരണിയിലെ ഗേറ്റാണ് തുറന്ന് വിട്ടിരിക്കുന്നത്.