Crime
മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തുല്യമാക്കി വർധിപ്പിച്ചു

ന്യൂഡൽഹി: ആർ.എസ്.എസ്. സർസംഘ്ചാലക് മോഹൻ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി തീരുമാനം. സെഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറിയിലേയ്ക്കാണ് മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം
.സി.ഐ.എസ്.എഫിനാണ് സുരക്ഷാ ചുമതല. ഭാഗവതിന്റെ സുരക്ഷ ഉയർത്താൻ രണ്ടാഴ്ച മുമ്പ് എടുത്ത തീരുമാനം എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
തീവ്ര ഇസ്ലാമിക സംഘടനകളിൽ നിന്നുൾപ്പെടെ മോഹൻ ഭാഗവതിന് ഭീഷണി നേരിടുന്നുണ്ടെന്നും ബി.ജെ.പി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ സർക്കാർ ഏജൻസികൾ തികച്ചും അശ്രദ്ധമായ രീതിയിലാണ് ആർ.എസ്.എസ്. നേതാവിന്റെ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തുന്നതെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് സെഡ് പ്ലസ് കാറ്റഗറിയിൽനിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സൺ കാറ്റഗറി സുരക്ഷ നൽകാൻ തീരുമാനിച്ചത്.
മോഹൻ ഭാഗവത് സഞ്ചരിക്കുന്ന വഴികളിൽ ഇനി മുതൽ കനത്ത സുരക്ഷാ ക്രമീകരണമായിരിക്കും. കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് സംസ്ഥാന പോലീസും മറ്റു ഡിപ്പാർട്മെന്റുകളും ഇത് വ്യന്യസിക്കും. വിമാന യാത്രകൾക്കും ട്രെയിൻ യാത്രകൾക്കും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോൾ ആയിരിക്കും.
മോഹൻ ഭാഗവത് സഞ്ചരിക്കുന്ന ട്രെയിൻ കമ്പാർട്മെന്റിനുള്ളിലും സമീപത്തും പരിശോധന കർശനമാക്കും. പരിശോധന കൂടാതെ ആരെയും കടത്തിവിടില്ല. പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുള്ള ഹെലികോപ്ടറുകളിൽ കർശന സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ചേ ഭാഗവതിന്റെ യാത്ര ഉണ്ടാകൂ.