Crime
പി. ശശിയടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളുടെ രേഖകള്‍ സഹിതം പി.വി അൻവർ ഇന്ന് മുഖ്യമന്ത്രിക്ക് പരാതിനല്‍കും

തിരുവനന്തപുരം: ഉന്നയിച്ച ആരോപണങ്ങളിലും പുറത്തുവിട്ട തെളിവുകളിലും സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പി.വി. അന്‍വര്‍ എംഎല്‍എ
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഉച്ചയ്ക്ക് 12 മണിയോടെയാണ് മുഖ്യമന്ത്രി അന്‍വറിന് സമയം അനുവദിച്ചിരിക്കുന്നത്.
രേഖകള്‍ സഹിതം അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതിനല്‍കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ അടക്കം ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്‍വര്‍ ഉന്നയിച്ചിരുന്നത്.
അന്‍വറിന്റെ ഗുരുതര ആരോപണങ്ങളില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ആരോപണവിധേയരായ എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന സൂചനയാണുണ്ടായിരുന്നതെങ്കിലും അന്വേഷണത്തിന് ഡി.ജി.പി.യുടെ നേതൃത്വത്തില്‍ ഉന്നതസംഘത്തെ മാത്രമാണ് തിങ്കളാഴ്ച രാത്രി പ്രഖ്യാപിച്ചത്. ഇത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും വിമർശനം ഉയരുന്നുണ്ട്. ‘അതേസമയം, ആരോപണവിധേയനായ പത്തനംതിട്ട എസ്.പി. എസ്. സുജിത് ദാസിനെ മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍, എ.ഡി.ജി.പി.യെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് അന്‍വറിന്റെ ആവശ്യം. സത്യസന്ധരും മിടുക്കരുമായ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ കേരള പോലീസിലുണ്ട്. അവരുള്‍പ്പെടുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാണ് അന്‍വര്‍ ഉന്നയിക്കുന്ന ആവശ്യം.