Crime
എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാന മുണ്ടായേക്കും.

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ഡിജിപിയുടെ ശുപാര്‍ശയില്‍ ഇന്ന് തീരുമാന മുണ്ടായേക്കും. ഡിജിപിയുടെ ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ദില്ലിയിലായിരുന്ന മുഖ്യമന്ത്രി ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച അന്‍വറിന്റെ ആരോപണങ്ങളാണ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി ശുപാര്‍ശ ചെയ്തത്. സര്‍ക്കാരിന് കൈമാറിയ ശുപാര്‍ശയില്‍ ഇതേവരെ നടപടിയെടുത്തുരുന്നില്ല.
അതേസമയം, ക്രൈം ബ്രാഞ്ചിലെ രഹസ്യ രേഖയടക്കം പുറത്ത് വിട്ട് വെല്ലുവിളിച്ച പിവി അന്‍വറിന് പൊലീസിലെ അടക്കം രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയ സംഭവത്തില്‍ ഇന്റലിജന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടി ഡിജിപി. പൊലീസിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് സംശയിക്കുന്ന രണ്ട് എസ്പിമാരും ഒരു ഡിവൈഎസ്പിയും നിരീക്ഷണത്തിലാണ്. അന്‍വറിന് ഉപദേശം നല്‍കുന്നതും പൊലീസ് ഉദ്യോഗസ്ഥരാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.