KERALA
സർക്കാരിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ തകർക്കുകയാണ് ഇപ്പോഴത്തെ വ്യാജവാർത്തയ‌്ക്ക് പിന്നിലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തനിവാരണക്കണക്കുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മാദ്ധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്‌ടിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം കണക്കുകൾ പെരുപ്പിച്ച് ധനസഹായം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന് വലിയൊരു വിഭാഗം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ഇതുകാരണം കേരളത്തിലെ ജനങ്ങൾ ലോകത്തിന് മുന്നിൽ അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദുരിതാശ്വാസത്തിന് സർക്കാർ ഇതുവരെ ചെലവാക്കിയ കണക്കും മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന് ലഭിച്ചുകൊണ്ടിരുന്ന പിന്തുണ തകർക്കുകയാണ് ഇപ്പോഴത്തെ വ്യാജവാർത്തയ‌്ക്ക് പിന്നിലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്രസർക്കാരിന് സംസ്ഥാനം സമർപ്പിച്ച മെമ്മോറാണ്ടം ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജവാർത്ത ഉണ്ടാക്കിയത്. ഏതുവിധേനേയും സംസ്ഥാന സർക്കാരിനെ അപകീർത്തിപെടുത്തുകയായിരുന്നു പിന്നിലെ ലക്ഷ്യം. ഇതിന് കാരണക്കാർ ദ്രോഹിച്ചത് ദുരന്തം ബാധിച്ചവരെയാണ്. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ്. അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അംഗീകരിച്ച രീതികളുണ്ട്. പല സാദ്ധ്യതകൾ വിലയിരുത്തിയാണ് ഓരോ കണക്കും തയ്യാറാക്കുന്നത്. അത്തരത്തിൽ തയ്യാറാക്കിയ വിവരങ്ങളെയാണ് കള്ളക്കണക്ക് എന്നാക്ഷേപിച്ചതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.