Crime
സിദ്ദിഖ് കേരളത്തിൽ തന്നെ ഒളിവിൽ കഴിയുന്നെന്ന് സൂചന

കൊച്ചി: നടൻ സിദ്ദിഖ് ഒളിവിൽപോയത് ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയെന്ന് വിവരം. കോടതി വിധി വന്നതിനുശേഷം കൊച്ചിയിലെ ഹോട്ടലിൽ നിന്നും സിദ്ദിഖ് കടക്കുകയായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി സുഹൃത്തുക്കളുടെ വാഹനത്തിലായിരുന്നു യാത്ര. ഒളിവിൽ കഴിയുന്നത് കേരളത്തിലാണെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് മുൻകൂർ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ച സാഹചര്യത്തിൽ നടന്റെ ആലുവയിലെ വീട്ടുപടിക്കൽത്തന്നെയുണ്ടായിരുന്നു പോലീസ്. ജാമ്യാപേക്ഷ തള്ളുന്ന സ്ഥിതിയുണ്ടായാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. ദിലീപ് ഒളിവിൽ പോകുന്ന സ്ഥിതി ഒഴിവാക്കുന്നതിനും അന്നത്തെ പോലീസ് ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇത്തരമൊരു ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പോലീസിനുണ്ടായില്ലെന്ന വിമർശനം ഉയരുകയാണ്.
ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടിൽ തിങ്കളാഴ്ച സിദ്ദിഖിന്റെ കാർ കണ്ടിരുന്നതായി ചില പരിസരവാസികൾ പറഞ്ഞിരുന്നുതിരച്ചിൽ ശക്തമാകുന്നതിനിടെ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവെച്ചാണ് ഫോൺ ആക്ടീവായതെന്ന് പോലീസ് പറയുന്നു.