Connect with us

NATIONAL

തീവ്രചുഴലിക്കാറ്റായ ദാന തീരം തൊട്ടു. ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ്:മിന്നൽ പ്രളയമുണ്ടാകുമെന്നു മുന്നറിയിപ്പ്

Published

on

ഭുവനേശ്വർ: തീവ്രചുഴലിക്കാറ്റായ ദാന കരതൊട്ടു. പശ്ചിമ ബം​ഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ് വീശുന്നുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ തീരദേശ ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ഭദ്രക്, കേന്ദ്രപദ, ബാലസോർ എന്നിവിടങ്ങളിൽ ഉയർന്ന വേലിയേറ്റം റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് മിന്നൽ പ്രളയമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങൾ വിലയിരുത്തി. പാരദീപിലെ ഡോപ്ലർ കാലാവസ്ഥാ റഡാറിന്റെ നിരന്തര നിരീക്ഷണത്തിലാണ് സാഹചര്യങ്ങള്‍. ഇതുവരെ ആളപായമൊന്നുമില്ലെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്. രാവിലെ 11.30 മണിയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒഡീഷയിൽ 16 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാൻ തയ്യാറെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഭുവനേശ്വറിലെ രാജീവ് ഭവനിലെ സ്‌റ്റേറ്റ് എമർജൻസി കൺട്രോൾ റൂമിൽ എത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു.

ഭദ്രക് ജില്ലയിൽ ശക്തമായ കാറ്റിലും കനത്ത മഴയിലും നിരവധി മരങ്ങൾ കടപുഴകി വീണു. ഇതിനെ തുടർന്ന് പ്രദേശത്തെ നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. വ്യാപക നാശനഷ്‌ടം ഉണ്ടായിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

Continue Reading