KERALA
ഇ പി യുടെ പുസ്തകമിറങ്ങി ഈ പറയുന്നതുപോലെ വ്യക്തിപരമായ പരാമര്‍ശമുണ്ടെങ്കില്‍ അപ്പോള്‍ അതിന് മറുപടി പറയാമെന്നും ഡോ സ രിൻ

പാലക്കാട്: മുന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ ആത്മകഥയിലേതെന്ന പേരില്‍ പുറത്തുവന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. പി സരിന്‍. ഇപിയുടെ ആത്മകഥയില്‍ സരിനെതിരേ വിമര്‍ശനമുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ‘സ്വതന്ത്രര്‍ വയ്യാവേലികളാണ്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കും’ തുടങ്ങിയ ഭാഗങ്ങള്‍ പുസ്തകത്തിലുണ്ടെന്നാണ് വിവരം.
അങ്ങനെ ഒരു പുസ്തകമുണ്ടെങ്കില്‍ അത് വായനക്കാരുടെ കൈയിലേക്കെത്തിയ ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്നും താന്‍ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നും മറുപടി പറയാതെ പോകില്ലെന്നും സരിന്‍ പ്രതികരിച്ചു.
പുസ്തകമിറങ്ങി അതില്‍ ഈ പറയുന്നതുപോലെ വ്യക്തിപരമായ ഒരു പരാമര്‍ശമുണ്ടെങ്കില്‍ അപ്പോള്‍ അതിന് മറുപടി പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”പുസ്തകത്തിലെ ഭാഗങ്ങള്‍ എന്ന പേരില്‍ പുറത്തുവന്ന പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ നിഷേധിച്ചതായാണ് അറിയാന്‍ കഴിയുന്നത്. പരാമര്‍ശങ്ങള്‍ ഒരുപക്ഷേ വളച്ചൊടിച്ചതായിരിക്കാം. പുസ്തകം പുറത്ത് വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂ,’ സരിന്‍ പറഞ്ഞു.
അതേസമയം പോളിങ് ദിനത്തില്‍ ഇടതുമുന്നണിയെ വെട്ടിലാക്കിയാണ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദം പുറത്തുവരുന്നത്. കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ പാര്‍ട്ടിക്കെതിരേ കടുത്ത വിമര്‍ശനമുള്ളതായാണ് റിപ്പോര്‍ട്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും വിമര്‍ശനമുണ്ട്.എന്നാല്‍, ആത്മകഥയിലെ വിവരങ്ങളായി പുറത്തുവന്ന കാര്യങ്ങള്‍ തള്ളി ഇ.പി ജയരാജന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു. പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ചിട്ടില്ല. പുസ്തകം എന്ന് പ്രസിദ്ധീകരിക്കുമെന്ന് താന്‍ തീരുമാനിച്ചിട്ടില്ല. ഈ വിവരങ്ങള്‍ എങ്ങിനെ പുറത്തുവന്നു എന്നും ഇ.പി ചോദിക്കുന്നു.