KERALA
മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്

മലപ്പുറം : മുഖ്യമന്ത്രിക്ക് ദുഷ്ടലാക്കെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വര്‍ഗീയ ധ്രുവീകരണം കൊണ്ട് നേട്ടമുണ്ടാകില്ലെന്ന് സിപിഎം മനസ്സിലാക്കണം. അതിന്റെ നേട്ടം കൊയ്യാന്‍ പോകുന്നത് ബിജെപിയാണ് എന്നെങ്കിലും സിപിഎം നേതൃത്വം ഉള്‍ക്കൊള്ളണമെന്ന് കെ പിഎ മജീദ് പറഞ്ഞു.
മലപ്പുറം ജില്ലയെക്കുറിച്ചുള്ള ആരോപണങ്ങളെല്ലാം പഴകിപ്പുളിച്ച ആക്ഷേപങ്ങളാണ്. മതസമൂഹങ്ങലെ തമ്മില്‍ അകറ്റി വോട്ടുപിടിക്കാനുള്ള ധ്രൂവീകരണ പരിശ്രമം കേരളത്തിന്റെ പാരമ്പര്യത്തിനും അന്തസ്സിനും ദോഷകരമാണ്.
ജലീല്‍ മുമ്പ് യൂത്ത് ലീഗ് നേതാവായിരുന്നപ്പോള്‍ ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ. മുസ്ലിങ്ങളെന്ന പദം അപകടമാണെന്നോ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ പറയുന്നത് ചില അജണ്ടകളുടെ അടിസ്ഥാനത്തിലാണ്. ജലീല്‍ പറയുന്ന പലതും മറുപടി അര്‍ഹിക്കുന്നതല്ലെന്നും മജീദ് പറഞ്ഞു.
കേരളത്തില്‍ ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിലും കാര്യമായ നേട്ടമുണ്ടാക്കാനാവില്ല. അവര്‍ക്ക് നേട്ടമുണ്ടാകുന്നുവെങ്കില്‍ സിപിഎമ്മിന്റെ നയവൈകല്യം കൊണ്ടാണ് എന്നാണ് ലീഗിന്റെ അഭിപ്രായം.
അലന്‍, താഹ എന്നിവര്‍ക്കെതിരെയുള്ള യുഎപിഎ കേസില്‍ അടക്കം സിപിഎം കേന്ദ്രനേതൃത്വം നിര്‍ദേശം കൊടുത്തതാണ്. ഇങ്ങനെ പല കാര്യങ്ങളിലും സിപിഎം കേന്ദ്രനേതൃത്വം പിണറായി വിജയന് നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ അതൊന്നും വകവെക്കാതെ, ഏകാധിപതിയായാണ്, സിപിഎം സംസ്ഥാന കമ്മിറ്റിയെ പോലും മറികടന്നാണ് മുഖ്യമന്ത്രി പോകുന്നത്.
ലീഗിനെ കുറ്റം പറയുന്ന പിണറായി വിജയന്‍, തമിഴ്‌നാട്ടില്‍ സിപിഎം ജയിക്കാന്‍ വേണ്ടി ലീഗിന്റെ പിന്തുണ തേടിയിരുന്നു. ലീഗ് നേതാക്കള്‍ പിന്തുണ കൊടുത്തതുകൊണ്ടാണ് സിപിഎമ്മിന് രണ്ട് സീറ്റെങ്കിലും തമിഴ്‌നാട്ടില്‍ ഉണ്ടായത്. ചരിത്രത്തെ മറച്ചുവെച്ചിട്ട് കാര്യമില്ല.
സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാന്‍ നടക്കുന്ന മുഖ്യമന്ത്രിയെപ്പോലൊരു വര്‍ഗീയവാദി ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ല. പിണറായി വിജയനെപ്പോലെ വര്‍ഗീയ സ്വഭാവമുള്ള, അകത്ത് വര്‍ഗീയത വെച്ചുപുലര്‍ത്തുന്ന ഒരു നേതാവ് സിപിഎമ്മിന് ഉണ്ടായത് നിര്‍ഭാഗ്യകരമാണെന്ന് കെപിഎ മജീദ് പറഞ്ഞു.
ഏതെങ്കിലും സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് സന്നദ്ധമാണ്. അതിന് തയ്യാറായി തന്നെയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്രപരമായ വിജയം ഉണ്ടാകുമെന്നും കെപിഎ മജീദ് പറഞ്ഞു.