KERALA
മുസ്ലീം ലീഗ് വർഗീയ പാർട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ

തിരുവനന്തപുരം: മുസ്ലീം ലീഗ് വർഗീയ പാർട്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ലീഗിനെതിരേയുള്ള മുഖ്യമന്ത്രിയുടെ വിമർശനം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലാഭത്തിനായി മതേതര ചേരിയിലുള്ള മുസ്ലീങ്ങളെ ലീഗ് മതമൗലികവാദ ചേരിയിലേക്ക് വഴിമാറ്റിയെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്നും വിജയരാഘവൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെത് രാഷ്ട്രീയ നിലപാടാണ്. ആ രാഷ്ട്രീയ നിലപാടിന് സമൂഹ താത്പര്യമുണ്ട്. കേരളത്തിൽ മതമൗലികവാദം വളരാൻ പാടില്ല. ലീഗ് ശ്രമിച്ചത് എല്ലാ വർഗീയതയ്ക്കുമൊപ്പം സന്ധിചെയ്ത് കേരളത്തെ നിയന്ത്രിക്കാനാണ്. സ്വന്തം വർഗീയ വാദത്തിന്റെ കരുത്തിൽ കേരളത്തെതന്നെ നിയന്ത്രിക്കുക എന്ന നിഗൂഢ താത്പര്യം ലീഗിനുണ്ട്. കോൺഗ്രസ് അതിന് വിധേയമാകും. എന്നാൽ കേരളീയ സമൂഹം അതിനെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമെന്നും വിജയരാഘവൻ വ്യക്തമാക്കി.
ബിജെപിയുമായും ലീഗ് സഖ്യം ചെയ്യുകയുണ്ടായി. തികച്ചും അവസരവാദപരമായ രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചത് ലീഗായിരുന്നു. കോൺഗ്രസ് ഇതിന്റെ ഫലം പറ്റിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ മുന്നിൽ ഈ വസ്തുതകൾ ചൂണ്ടിക്കാണിച്ചതിലുള്ള വിഷമം കൊണ്ടുള്ള ചില പ്രതികരണങ്ങളാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ നടത്തിയതെന്നും വിജയരാഘവൻ പറഞ്ഞു