Crime
പാർട്ടി ചെറിയാനൊപ്പം:രാജി വയ്‌ക്കേണ്ടെന്ന് സിപിഎം.

തിരുവനന്തപുരം: ഭരണഘടനാ നിന്ദ കേസിൽ മന്ത്രി സജി ചെറിയാൻ രാജി വയ്‌ക്കേണ്ടെന്ന് സിപിഎം. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സമിതിയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. ഒരിക്കൽ ധാർമ്മികത മുൻനിർത്തി സജി ചെറിയാൻ രാജിവച്ചതാണെന്നും അതിനാൽ അതേവിഷയത്തിൽ രണ്ട് തവണ രാജി വേണ്ടെന്നുമാണ് പാർട്ടി നിലപാട്. ഇതേനിലപാട് തന്നെയാണ് കഴിഞ്ഞദിവസം മന്ത്രിയും സ്വീകരിച്ചത്. കേസിൽ സ്വതന്ത്രമായ അന്വേഷണം നടക്കട്ടെ. കേസിലെ നിയമപരമായ കാര്യങ്ങൾ സംബന്ധിച്ച് എജിയിൽ നിന്ന് ഇക്കാര്യത്തിൽ നിയമോപദേശം തേടുമെന്നാണ് മന്ത്രി പറഞ്ഞത്.
സജി ചെറിയാന്റെ ഭാഗം കേട്ടില്ലെന്ന അദ്ദേഹത്തിന്റെ വാദം ശരിയാണെന്നാണ് പാർട്ടി നിലപാട്. മന്ത്രിസ്ഥാനത്തിരിക്കുന്ന ആളാണെങ്കിലും അന്വേഷണം വേണം എന്ന് ഹൈക്കോടതി പറയുമ്പോൾതന്നെ അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനത്തെ കോടതി ചോദ്യം ചെയ്‌തിട്ടില്ല എന്നും സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിൽ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് കോടതി വിശ്വാസം അർപ്പിച്ചിട്ടുണ്ട് എന്നും സിപിഎം പറയുന്നു അതിനാൽ തന്നെ മന്ത്രിസ്ഥാനം സജി ചെറിയാൻ രാജിവയ്‌ക്കേണ്ട എന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.