Connect with us

NATIONAL

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ വഴിമുട്ടി

Published

on

മുംബൈ: മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റുകയും ചെയ്തതോടെ അനിശ്ചിതത്വം ഏറി. മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ അപ്രതീക്ഷിതമായി സ്വന്തം നാട്ടിലേക്ക് തിരിച്ചതോടെയാണ് ചര്‍ച്ച മാറ്റിവെച്ചത്.

സര്‍ക്കാര്‍ രൂപവത്കരണത്തിന് അന്തിമ രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ചര്‍ച്ച പൂര്‍ത്തിയാക്കി നേതാക്കള്‍ മുംബൈയിലേക്ക് തിരിച്ചു. മറ്റ് ചര്‍ച്ചകള്‍ മുംബൈയില്‍ നടക്കുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചിരുന്നത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ്, ശിവസേന അധ്യക്ഷന്‍ ഏക്‌നാഥ് ഷിന്ദേ, എന്‍.സി.പി. അധ്യക്ഷന്‍ അജിത് പവാര്‍ എന്നിവര്‍ അമിത് ഷായുടെ വസതിയില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

ഡല്‍ഹിയിലെ ചര്‍ച്ച ഫലപ്രദമാണെന്ന് പ്രതികരിച്ച ഷിന്ദേയുടെ അപ്രതീക്ഷിത പിന്മാറ്റം മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഷിന്ദേയ്ക്ക് അതൃപ്തിയുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.എന്‍.സി.പിയും ശിവസേനയും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുത്തുകഴിഞ്ഞു. ബി.ജെ.പിയില്‍നിന്ന് തന്നെയാവും മുഖ്യമന്ത്രിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടും പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കാൻ സാധിക്കാതത് വൻ അഭ്യൂഹങ്ങൾക്ക് വഴിവെക്കുകയാണ്.

ഫഡ്‌നവിസ് മുഖ്യമന്ത്രിയും ഷിന്ദേ ഉപമുഖ്യമന്ത്രിയുമായി സര്‍ക്കാര്‍ എന്ന നിര്‍ദേശമാണ് കേന്ദ്ര ബി.ജെ.പി. നേതൃത്വം മുന്നോട്ടുവെച്ചതെന്നാണ് സൂചന. മുഖ്യമന്ത്രിസ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ഷിന്ദേ. എന്നാല്‍, ബി.ജെ.പി. നേതൃത്വത്തിന്റെ സമ്മര്‍ദത്തില്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഷിന്ദേ സമ്മതം മൂളിയെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം തള്ളി നേരത്തെ ശിവസേന വക്താവ് രംഗത്തെത്തിയിരുന്നു.

Continue Reading