Crime
അസം സ്വദേശിനിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു.ചോദ്യം ചെയ്യലിനിടെ പ്രതി കടുത്ത വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായി പൊലീസ്

ബംഗളൂരു: അസം സ്വദേശിനിയായ വ്ലോഗർ മായ ഗൊഗോയിയുടെ (19) കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി കണ്ണൂർ സ്വദേശി ആരവ് ഹനോയ്. കണ്ണൂർ തോട്ടട കിഴുന്ന സ്വദേശിയാണ് 21കാരനായ ആരവ്. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ബംഗളൂരു ഇന്ദിരാനഗർ സെക്കൻഡ് സ്റ്റേജിലെ റോയൽ ലിവിംഗ്‌സ് അപ്പാർട്ട്‌മെന്റിൽ മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപ്പാർട്ട്‌മെന്റിൽവച്ച് മായയുമായി തർക്കമുണ്ടായെന്നും കൊലയ്ക്കുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നുമാണ് ആരവ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്
ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും സൗഹൃദത്തിലാവുന്നത്. മായയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേയ്ക്ക് നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ആരവ് ഓൺലൈനിൽ നിന്ന് കയറും കത്തിയും വാങ്ങി സൂക്ഷിച്ചിരുന്നു. അപ്പാർട്ട്‌മെന്റിലെത്തിയതിനുശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ ആരവ് മായയുടെ കഴുത്തിൽ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.മരണം ഉറപ്പാക്കാൻ കത്തികൊണ്ട് കുത്തുകയും ചെയ്തു. തുടർന്ന് മുറിയിലെ ഫാനിൽ മായയെ കൊലപ്പെടുത്തിയ അതേ കയർ ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇത് മുറുകാതെ വന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും യുവാവ് മൊഴി നൽകി. ചോദ്യം ചെയ്യലിനിടെ കടുത്ത വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ആരവ് പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. മാനസിക വിദഗ്ദ്ധന്റെ സേവനം തേടിയതിനുശേഷമാകും ചോദ്യം ചെയ്യൽ തുടരുകയെന്നും പൊലീസ് വ്യക്തമാക്കി.ബംഗളൂരുവിൽ നിന്ന് രക്ഷപ്പെട്ട ആരവ് ആദ്യം ഉത്തര കർണാടകയിലെ റെയ്‌ച്ചൂരിലേയ്ക്കാണ് പോയത്. അവിടെ ഒരുദിവസം തങ്ങിയതിനുശേഷം മദ്ധ്യപ്രദേശിലേയ്ക്ക് കടന്നു. തുടർന്ന് വാരാണസിയിൽ എത്തി. ഇവിടെവച്ച് കണ്ണൂർ തോട്ടടയിലെ വീട്ടിലേയ്ക്ക് വിളിച്ച് മുത്തച്ഛനുമായി സംസാരിച്ചു. കീഴടങ്ങാൻ മുത്തച്ഛൻ ആവശ്യപ്പെട്ടത് സമ്മതിച്ച ആരവ് പൊലീസിനെ വിളിച്ച് കീഴടങ്ങാമെന്ന് അറിയിക്കുകയായിരുന്നു. ബംഗളൂരുവിലേയ്ക്ക് മടങ്ങിയെത്താൻ പൊലീസ് നിർദേശിച്ചതിനെത്തുടർന്ന് തിരികെയെത്തിയ ആരവിനെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽവച്ചാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 23-ാം തീയതി വൈകിട്ടോടെയാണ് മായയും ആരവും മുറിയെടുത്തത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മുറിയില്‍ ചെലവഴിച്ച ആരവ് ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ശേഷമാണ് പുറത്തുപോയത്. ഇതിനുപിന്നാലെ മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നതോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.