Connect with us

KERALA

ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് ചാണ്ടി ഉമ്മൻ

Published

on

കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നല്‍കാതിരുന്നതില്‍ അതൃപ്തി പരസ്യമാക്കി നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എല്‍.എ. ഉപതിരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് മാത്രം ഒന്നും തന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴും കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെ.സുധാകരന്റെയും വി.ഡി. സതീശന്റെയുമെല്ലാം നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആരെയെങ്കിലും മാറ്റിനിർത്തേണ്ടതുണ്ടോ.എല്ലാവരേയും ചേർത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാൽ അത് അം​ഗീകരിക്കാൻ സാധിക്കില്ല. ചിലർ മാറിനിൽക്കുകയും ചിലർ ഉൾപ്പെടാതെ വരികയും ചെയ്യുന്നു. അതിന് കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. സംഘടന പുനഃസംഘടിപ്പിക്കുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടു.

“എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കൾ വരണം. എന്നാൽ ഒരു പ്രത്യേക വിഭാ​ഗത്തിൽപ്പെട്ടയാൾതന്നെ വരണമെന്ന് ഞാൻ പറയില്ല. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവർക്കും ചുമതല കൊടുത്തിരുന്നു, എനിക്കൊഴിച്ച്. അതെന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാർട്ടി വിളിക്കുമ്പോൾ പോകണമെന്ന നിലപാടിലേക്ക് എത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Continue Reading