Crime
വഞ്ചിയൂരിൽ റോഡ് അടച്ച് സമ്മേളനം നടത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി

തിരുവനന്തപുരം: വഞ്ചിയൂരിൽ റോഡ് അടച്ച് സി.പി.എം സമ്മേളനം നടത്തിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഹൈക്കോടതി. മുൻ ഉത്തരവുകൾക്ക് വിരുദ്ധമായ നടപടിയാണിതെന്ന് ഹൈക്കോടതി വിമർശിച്ചു. സംഭവത്തിൽ എന്ത് നടപടിയെടുത്തെന്ന് പോലീസിനോട് കോടതി ചോദിച്ചു.മരട് സ്വദേശിയായ പ്രകാശൻ എന്നയാളാണ് ഇതിനെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത് പാതയോരങ്ങളിൽപ്പോലും സമ്മേളനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതിന് വിലക്കുള്ളപ്പോഴാണ് വഞ്ചിയൂരിൽ പ്രധാനവഴി പൂർണമായും അടച്ചുകൊണ്ട് സി.പി.എമ്മിന്റെ ഏരിയാ സമ്മേളനം നടന്നത്.
.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, ഡി.ജി.പി എന്നിവരെ എതിര്‍ കക്ഷികളാക്കിക്കൊണ്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇത് പരിഗണിക്കുമ്പോഴാണ് ഇത്തരത്തിൽ സമ്മേളനം നടത്തിയതിനെയും സർക്കാരിനേയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പൊതുനിരത്ത് കയ്യേറി സമ്മേളനങ്ങളും യോഗങ്ങളും നടത്തുന്നതിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളെന്തൊക്കെയാണെന്ന് ഇനി കേസ് പരിഗണിക്കുമ്പോൾ വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. വഞ്ചിയൂരെ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.
കോടതിയലക്ഷ്യത്തിനുള്ള നടപടിയെടുക്കേണ്ട സംഭവമാണിതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്തദിവസം കേസ് വീണ്ടും പരിഗണിക്കും. വഴി തടഞ്ഞ് കെട്ടിയ പന്തലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് എം.വി ഗോവിന്ദനായിരുന്നു. തുടര്‍ന്ന് കെ.പി.എ.സി.യുടെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകവും സമ്മേളനവേദിയില്‍ അരങ്ങേറിയിരുന്നു. 50-ഓളം പോലീസുകാരെയാണ് രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗതം നിയന്ത്രിക്കാനായി നിയോഗിച്ചിരുന്നത്. വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്.
റോഡടച്ചുള്ള സമ്മേളനത്തിനെതിരെ വഞ്ചിയൂര്‍ സി.പി.എം ഏരിയാ കമ്മിറ്റിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ അനധികൃത സംഘം ചേരല്‍, ഗതാഗത തടസ്സം, പോലീസിനോട് അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്കാണ് കേസ്. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സി.പി.എം അനുമതി വാങ്ങിയിരുന്നത്. നടുറോഡില്‍ സ്റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.
വഞ്ചിയൂര്‍ കോടതിയുടെ സമീപത്തുള്ള റോഡിലാണ് സമ്മേളനവേദിയൊരുക്കിയത്. സമ്മേളനദിനത്തില്‍ ആംബുലന്‍സുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെയുള്ളവ ഗതാഗതക്കുരുക്കില്‍പെട്ടിരുന്നു.