Connect with us

Entertainment

നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ല:ആന്തരിക രക്തസ്രാവമാണ് മരണകാരണം

Published

on

തിരുവനന്തപുരം: നടൻ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. മുറിയിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ദിലീപ് മുറിയിൽ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മുറിയിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും കരൾ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ.ഇന്നലെ ഉച്ചയോടെയാണ് സിനിമാ – സീരിയൽ താരം എറണാകുളം തെക്കൻ ചിറ്റൂർ മത്തശേരിൽ തറവാട്ടിൽ ദേവാങ്കണത്തിൽ ദിലീപ് ശങ്കറിനെ (50) തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയിൽ കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കന്റോൺമെന്റ് പൊലീസ് നേരത്തേ തന്നെ അറിയിച്ചിരുന്നു.

ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. ഒരു സീരിയൽ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് എത്തിയ ദിലീപ് നാല് ദിവസം മുമ്പാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇടയ്‌ക്ക് രണ്ട് ദിവസം ഷൂട്ടിംഗ് ഇല്ലായിരുന്നു. ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നത് സംബന്ധിച്ച വിവരമറിയിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ നിരവധി തവണ വിളിച്ചിട്ടും ദിലീപ് ഫോണെടുത്തില്ല.ഇതേസമയം, മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി തുറന്ന് നോക്കിയപ്പോഴാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിനയത്തിന് പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്.
ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ദേവ, വിദ്യാർത്ഥിയായ ധ്രുവ് എന്നിവരാണ് മക്കൾ.

Continue Reading