Connect with us

KERALA

ആചാരങ്ങളില്‍ കൈ കടത്തരുത്ഓരോ ക്ഷേത്രത്തിലും ഓരോ ആചാരം, മറ്റ് മതങ്ങളെ വിമർശിക്കുമോ?

Published

on

പെരുന്ന: ക്ഷേത്രത്തില്‍ മേല്‍മുണ്ട് ധരിച്ച് കേറുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ആചാരങ്ങളില്‍ കൈ കടത്തരുതെന്നും ഒരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും അത് സര്‍ക്കാരിനോ മറ്റോ തിരുത്താനാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ് സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത്.

ഹിന്ദുവിന്റെ പുറത്ത് മാത്രമെ ഇത്തരം വ്യാഖ്യാനങ്ങള്‍ ഉള്ളോ? ക്രിസ്ത്യാനികള്‍ക്കും മുസ്ലീം വിഭാഗത്തിനും അവരുടെ ആചാരങ്ങള്‍ ഉണ്ട്. വിമര്‍ശിക്കാന്‍ ഇവിടുത്തെ മുഖ്യമന്ത്രിയ്‌ക്കൊ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോ? മുഖ്യമന്ത്രി അതിനെ പിന്തുണക്കാന്‍ പാടില്ലായിരുന്നു. എല്ലാ ക്ഷേത്രങ്ങള്‍ക്കും അതിന്റെ ആചാരങ്ങള്‍ ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാ അനുഷ്ടാനങ്ങള്‍ക്ക് അനുസരിച്ച് പോകാന്‍ സാധിക്കണം. എൻ.എസ്.എസ്സിന്റെ അഭിപ്രായം അതാണ്. ഉടുപ്പിടാത്ത ക്ഷേത്രങ്ങളില്‍ അങ്ങനെ തന്നെ പോകണം. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേല്‍പ്പിക്കാമെന്ന തോന്നല്‍, പിടിവാശി അംഗീകരിക്കാനാവില്ലെന്നും നായർ പറഞ്ഞു.

എന്‍.എസ്.എസിന്റെ പരിപാടി ഉദ്ഘാടനം ചെയ്യണം എന്നു പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല സന്തോഷത്തോടെ തയ്യാറായി. എന്‍.എസ്.എസ് എന്ത് പറഞ്ഞാലും അനുസരിക്കാമെന്ന് ചെന്നിത്തല പറഞ്ഞു. ഇത് വിവാദമാക്കാന്‍ ചിലര്‍ ശ്രമിച്ചു. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ഒരു നായര്‍ വരുന്നതിലാണ് ചിലര്‍ക്ക് പ്രശ്‌നം. രമേശ് ചെന്നിത്തല കളിച്ച് വളര്‍ന്ന കാലം മുതല്‍ ഈ മണ്ണിന്റെ സന്തതിയാണ്. അതില്‍ ഞങ്ങള്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. എന്‍.എസ്.എസിന്റെ പുത്രനാണ് അദ്ദേഹം. മക്കളുടെ രാഷ്ട്രീയം ഒരു കുടുംബത്തെ ബാധിക്കാന്‍ പാടില്ല. അത് നായര്‍ക്ക് മാത്രം ബാധകമാണെന്നാണ് ചിലരുടെ കല്‍പ്പന. വേറൊരു പുത്രനായ ഗണേഷ് കുമാര്‍ അപ്പുറത്തിരിപ്പുണ്ട്. അദ്ദേഹം കമ്മ്യൂണിസ്റ്റ് ചേരിയിലാണ്. എല്ലാ നായന്‍മാര്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദമുണ്ട്. അവര് കുടുംബം മറക്കരുത് എന്ന് മാത്രമേ അവരോട് പറയാനുള്ളുവെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി

ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പറഞ്ഞിരുന്നു.

Continue Reading