Connect with us

Business

ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; പ്രമുഖ അഭിഭാഷകൻ രാമൻപിള്ള ബോബി ക്ക് വേണ്ടി ഹാജരാകും

Published

on


കൊച്ചി: നടി ഹണി റോസിന്റെ പരാതിയെ തുടര്‍ന്ന് ലൈംഗികാധിക്ഷേപ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന്  കോടതിയില്‍ ഹാജരാക്കും. ഇതിന് മുന്നോടിയായി അദ്ദേഹത്തെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ രണ്ടാമതും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചത്. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങളോട് വീണ്ടും പറഞ്ഞു. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലടക്കം ഇതിന് തെളിവുകളുണ്ടല്ലോ എന്ന മറുചോദ്യത്തിന് അദ്ദേഹത്തിന് മറുപടി മൗനം മാത്രമായിരുന്നു

വൈദ്യപരിശോധനയ്ക്ക് ശേഷം ബോബി ചെമ്മണ്ണൂരിനെ തിരികെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഏതുസമയത്ത് വേണമെങ്കിലും പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ കഴിയുന്ന തരത്തിലാണ് പോലീസ് നടപടികള്‍ നീക്കുന്നത്‌. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബോബി ചെമ്മണ്ണൂരിന്റെ നിയമസംഘവും പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് തുടരുന്നുണ്ട്.

ബോബി ചെമ്മണ്ണൂര്‍ ഇന്ന് തന്നെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. അദ്ദേഹത്തിനായി ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ബി. രാമന്‍പിള്ളയാണ് ഹാജരാകുക. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനായും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനായും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിഭാഗത്തിനായും ഹജരായതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നയാളാണ് അഡ്വ. രാമന്‍ പിള്ള.

ഭാരതീയ ന്യായസംഹിതയിലെ 75-ാം വകുപ്പ്, ഐ.ടി. ആക്ടിലെ 67 വകുപ്പ് എന്നിവ പ്രകാരമാണ് ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം ബുധനാഴ്ച വൈകീട്ട് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞദിവസം അദ്ദേഹത്തെ ചോദ്യംചെയ്തത്.

ബോബി ചെമ്മണ്ണൂരിന്റെ മൊബൈല്‍ ഐ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയേക്കുമെന്നാണ് വിവരം. അതിനിടെ, കേസിലെ പരാതിക്കാരിയായ നടി ഹണി റോസ് ബുധനാഴ്ച വൈകീട്ട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തിയാണ് നടി രഹസ്യമൊഴി നല്‍കിയത്.

Continue Reading