Connect with us

KERALA

അൻവറിന്റെ കാര്യത്തിൽ തിടുക്കം വേണ്ട : ചില കാര്യങ്ങളിൽ വ്യക്തത വരുത്തിയേ യുഡിഎഫ് പ്രവേശനമുള്ളൂ

Published

on

തിരുവനന്തപുരം: ഇടതിനോട് ഇടഞ്ഞ നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിന് തിരക്കിട്ട് തീരുമാനം എടുക്കണ്ടെന്ന് കോൺഗ്രസ്. പലകാര്യങ്ങളിലും അൻവർ ഇനിയും വ്യക്തത വരുത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. രാഹുൽഗാന്ധിക്കെതിരായി നടത്തിയ പരാമർശത്തിനും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരായി നടത്തിയ അഴിമതി ആരോപണത്തിനും തിരുത്ത് വേണമെന്നാണ് നിലപാട്. ഇതിനുശേഷം മാത്രമേ അൻവറിന്റെ യു‌ഡിഎഫ് പ്രവേശനം ആലോചിക്കാവൂയെന്നാണ് നേതാക്കൾ നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. അൻവറിനെ മുന്നണിയിൽ എടുക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അൻവർ നല്ല സുഹൃത്തും മുൻ സഹപ്രവർത്തകനുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശം ഇതേവരെ ചർച്ചയായിട്ടില്ലെന്ന് ഇന്നലെ രമേശ് ചെന്നിത്തല എംഎൽഎയും പ്രതികരിച്ചിരുന്നു. വനനിയമ ഭേദഗതി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ അൻവറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു.കെപിസിസി ഭാരവാഹി യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗത്തിൽ കൂടുതൽ നേതാക്കൾ അൻവർ വിഷയത്തിൽ പ്രതികരിച്ചേക്കും. യോഗത്തിൽ പാർട്ടി പുനഃസംഘടനയും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ചർച്ചയ്ക്ക് വരും.

Continue Reading