Crime
എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രതിചേർത്തു.

സുൽത്താൻ ബത്തേരി: ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയെ പ്രതിചേർത്തു. ആത്മഹത്യ പ്രേരണാക്കുറ്റമാണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരും കേസിൽ പ്രതികളാണ്. ഇതിൽ കെ.കെ.ഗോപിനാഥൻ നേരത്തെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടയാളാണ്.
എൻ.എം.വിജയൻ നൽകിയെന്ന് പറയപ്പെടുന്ന കത്തിന്റെ ആധികാരികത പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നായിരുന്നു പോലീസ് നേരത്തേ അറിയിച്ചിരുന്നത്. ഇതിനിടയിലാണ് എം.എൽ.എ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതിചേർത്തിരിക്കുന്നത്. എൻ.എം.വിജയന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. അതേസമയം കത്തിന്റെ ഫോറൻസിക് പരിശോധന ഇനിയും പൂർത്തിയായിട്ടില്ല.
എൻ.എം.വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയും അദ്ദേഹത്തിന്റെ കുടുംബവും കഴിഞ്ഞദിവസം അനുനയത്തിലെത്തിയിരുന്നു. പാർട്ടിക്കൊപ്പം നിൽക്കുന്നുവെന്നാണ് കെ.പി.സി.സി സംഘം സന്ദർശിച്ചതിനുപിന്നാലെ എൻ.എം.വിജയന്റെ കുടുംബം വ്യക്തമാക്കിയത്.