Business
ബോബി ചെമ്മണ്ണൂർ കേസിൽ വാദം പുരോഗമിക്കുന്നു: ജാമ്യം നൽകരുതെന്ന് പ്രൊസിക്യൂഷൻ

കൊച്ചി: ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കോടതിയില്‍ ഹാജരാക്കി. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഇയാളെ പോലീസ് ഹാജരാക്കിയത്. കേസിൽ വാദം പുരോഗമിക്കുകയാണ്. ബോബിയുടെ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സി.ഐ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി മറ്റൊരു കേസില്‍ വിധിച്ചിരുന്നു. ഇതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നത്.
പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍ പിള്ളയാണ് ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരാകുന്നത്. താന്‍ മനഃപൂര്‍വ്വം യാതൊരുതരത്തിലുള്ള അധിക്ഷേപവും നടത്തിയിട്ടില്ല എന്ന വാദമാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയില്‍ പ്രധാനമായി ഉന്നയിച്ചത്. താന്‍ പറഞ്ഞത് ആരേയും അപമാനിക്കാനുള്ള കാര്യങ്ങളായിരുന്നില്ലെന്നും അത് ദ്വയാര്‍ഥ പ്രയോഗമാണെന്ന് ആളുകള്‍ വ്യാഖ്യാനിച്ചെടുത്തതാണെന്നും ബോബി ജാമ്യാപേക്ഷയില്‍ വാദിക്കുന്നു.