Business
ജാമ്യം അനുവദിച്ച ഉത്തരവ് പുറത്തിറങ്ങി. സ്വീകരിക്കാൻ ഫാൻസ് അസോസിയേഷൻ പ്രവർത്തകർ തടിച്ച് കൂടുന്നു

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല അധിക്ഷേപ പരാമർശ കേസിൽ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറങ്ങി.. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്മിങ് സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്നും അല്ലാത്തപക്ഷം ജാമ്യം റദ്ദുചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.
ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹർജി വായിക്കുമ്പോൾത്തന്നെ ബോബി ചെമ്മണൂർ ഹണി റോസിനെതിരെ നടത്തിയ ചില പ്രയോഗങ്ങളിൽ കോടതി അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് ഈ പരാമർശങ്ങളെല്ലാം പിൻവലിക്കുകയാണെന്ന് ബോബിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള കോടതിയെ അറിയിച്ചു.
തുടർന്ന് ബോബി ചെമ്മണൂരിന് ജാമ്യം നൽകാമെന്ന് കോടതി നിലപാടെടുത്തു. ഇദ്ദേഹത്തെ പോലീസിന്റെ കസ്റ്റഡിയിൽ ആവശ്യമില്ല എന്നതായിരുന്നു ഇതിന് കാരണം. ഈ കേസിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമല്ലെന്ന് കോടതി വിലയിരുത്തി. കൂടാതെ മൂന്നുവർഷം മാത്രം ജയിൽശിക്ഷ ലഭിക്കുന്ന കുറ്റമാണ് ബോബിക്കുമേൽ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് ആറുദിവസമായി ജയിലിൽ തുടരുന്ന ബോബി ചെമ്മണൂരിന് ജാമ്യം അനുവദിക്കുന്നതിന് മറ്റുതടസങ്ങളില്ല എന്നും കോടതി വ്യക്തമാക്കി.
അതേസമയം ജാമ്യഹർജി പരിഗണിക്കവേ ബോബി ചെമ്മണൂരിന്റെ ചില ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു. ഇതിൽ പ്രോസിക്യൂഷൻ നൽകിയതും പ്രതിഭാഗം നൽകിയതും ഉൾപ്പെടുന്നുണ്ട്. എന്തിനുവേണ്ടിയാണ് ഈ മനുഷ്യൻ ഇങ്ങനെയെല്ലാം ചെയ്യുന്നത് എന്നാണ് തുടർന്ന് കോടതി ചോദിച്ചത്. ബോബി ചെമ്മണൂർ നടത്തിയത് ദ്വയാർത്ഥ പ്രയോഗമാണെന്ന് കോടതി തുറന്നുപറഞ്ഞു. ഇതൊന്നും പൊതുസമൂഹത്തിൽ പറയേണ്ട കാര്യങ്ങളല്ല. ഇത്തരം പ്രവർത്തികളോട് ഒരുതരത്തിലുമുള്ള യോജിപ്പില്ല. ബോബിയെ ചടങ്ങിൽ എതിർക്കാതിരുന്നത് അവരുടെ മാന്യത കൊണ്ടാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഇന്ന് എത്ര സമയം ആയാലും ബോബി പുറത്ത് ഇറങ്ങുമെന്ന പ്രതീക്ഷയിൽ ജയിലിന് പുറത്ത് നൂറു കണക്കിന് ആളുകൾ തടിച്ച് കൂടിയിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ബോബിക്ക് സ്വീകരണമൊരുക്കുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ളവർ ബോബിയുടെ ചിത്രം ആലേഖനം ചെയ്ത ബോർഡുകൾ ഉയർത്തിയാണ് സ്വീകരണ പരിപാടിക്ക് എത്തിയിട്ടുള്ളത്.