Connect with us

KERALA

സർക്കാർ പ്രവർത്തിക്കുന്നത് സത്യസന്ധമായി’; പിപിഇ കിറ്റ് വിവാദം തളളി മുഖ്യമന്ത്രി 

Published

on

തിരുവനന്തപുരം: കൊവിഡ് മഹാമാരി സമയത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വൻക്രമക്കേടുണ്ടായെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ  റിപ്പോർട്ട് നിയമസഭയിൽ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി സത്യസന്ധമായാണ് പ്രവർത്തിച്ചിട്ടുളളതെന്നും അദ്ദേഹം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുളള മറുപടിയായി പറഞ്ഞു. മദ്യ കമ്പനി വിവാദവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.’

കൊവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. പിപിഇ കി​റ്റ് അനിവാര്യമായിരുന്നു. ആവശ്യത്തിന് അവശ്യസാധനങ്ങൾ കിട്ടാത്ത അവസ്ഥ ഉണ്ടായിരുന്നു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു. കൊവിഡ് കാലവും സാധരണ കാലവും തമ്മിലുളള വ്യത്യാസമുണ്ട്. അവശ്യസാധന ക്ഷാമമോ വിലക്കയ​റ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോർട്ട്. വ്യാജപ്രചാരണങ്ങൾക്ക് അധികം ആയുസുണ്ടാകില്ല. ഇടതുമുന്നണി ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും പിണറായി പറഞ്ഞു.

മദ്യനയത്തിൽ സർക്കാർ നയം സുവ്യക്തമാണ്. നിക്ഷേപകർ വന്നാൽ സർക്കാർ പ്രോത്സാഹിപ്പിക്കും. വ്യവസായ നിക്ഷേപ പദ്ധതിക്ക് ടെണ്ടർ ബാധകമല്ല. 600 കോടിയുടെ നിക്ഷേപമാണ് വരുന്നത്. അനുമതി നൽകാൻ പഞ്ചായത്തിനെ പരിഗണിക്കേണ്ട കാര്യമില്ല’- മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് കാലത്ത് 10.23 കോടി രൂപയുടെ അധികബാദ്ധ്യത സർക്കാരിനുണ്ടായെന്നും പൊതുവിപണിയേക്കാൾ 300 ശതമാനം കൂടുതൽ പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നുമാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. 2020 മാർച്ച് 28ന് 550 രൂപ നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയ സർക്കാർ രണ്ട് ദിവസത്തിനുശേഷം 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയിൽ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. രണ്ട് ദിവസത്തിൽ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മഹാരാഷ്ട്ര ആസ്ഥാനമായ സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്.




Continue Reading