Connect with us

KERALA

മലപ്പുറംകാർ ലോകം മുഴുവൻ പോയി അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണ് കാണുന്നത് മുഖ്യമന്തിയെ വിമർശിച്ച് സന്ദീപ് വാര്യർ

Published

on

പാലക്കാട്: തിരൂരിൽ നിന്ന് നിലമ്പൂരിലേക്ക് മെട്രോ എന്ന ആവശ്യം അടുത്ത പതിറ്റാണ്ടിൽ പോലും നടക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ‌്ക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. തിരൂർ എംഎൽഎ കുറുക്കോളി മൊയ‌്തീന്റെ ആവശ്യത്തെ നിയമസഭയിൽ മുഖ്യമന്ത്രി അവഹേളിക്കുകയാണ് ചെയ‌്തതെന്ന് സന്ദീപ് വിമർശിച്ചു.

കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിന്റെ ചിലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണെന്ന് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്-”

തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ വേണമെന്നാണ് തിരൂര് എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടത്. അതിനുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം അവഹേളനപരമായിരുന്നു എന്ന് മാത്രമല്ല ചരിത്രനിഷേധം കൂടിയായിരുന്നു.
മിസ്റ്റർ മുഖ്യമന്ത്രി , കേരളത്തിലെ ആദ്യത്തെ റെയിൽവേ ലൈൻ ബേപ്പൂരിൽ നിന്ന് തിരൂരിലേക്ക് ആയിരുന്നു. 1861 ലാണ് ബ്രിട്ടീഷുകാർ ആദ്യ റെയിൽവേ ലൈൻ സർവീസ് ആരംഭിച്ചത്. 1921ൽ നിലമ്പൂർ ഷൊർണൂർ റെയിൽവേ ലൈൻ ആരംഭിച്ചു. ബ്രിട്ടീഷ് ഭരണകൂടം പോലും തിരൂരിനെയോ നിലമ്പൂരിനെയോ അവഹേളിക്കുകയല്ല മറിച്ച് ആദ്യത്തെ റെയിൽവേ ലൈൻ ആ പ്രദേശങ്ങളിലേക്ക് തുടങ്ങുകയാണ് ചെയ്തത്.
മെട്രോ മോഡൽ ട്രെയിൻ വരാൻ അടുത്ത ദശാബ്ദത്തിൽ പോലും മലപ്പുറം ജില്ലയ്ക്ക് അർഹതയില്ല എന്ന് പ്രഖ്യാപിക്കാൻ പിണറായി വിജയന് എന്ത് അധികാരമാണ് ഉള്ളത് ? മലപ്പുറം പോലെ ഒരു ജില്ല, അതൊരു പിന്നോക്ക ഗ്രാമീണ ജില്ലയാണ് എന്ന തോന്നലാണോ മുഖ്യമന്ത്രിക്ക് ? മലപ്പുറം നഗരവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന, എല്ലാ ആധുനിക സൗകര്യങ്ങളും ഓരോ കിലോമീറ്ററിലും ലഭ്യമായ ജില്ലയാണ്. അതൊന്നും സർക്കാരിന്റെ ചിലവിലല്ല. മലപ്പുറംകാർ ലോകം മുഴുവൻ പോയി അധ്വാനിച്ചുണ്ടാക്കിയ പണം ഇൻവെസ്റ്റ് ചെയ്തുണ്ടാക്കിയ വികസനങ്ങളാണ് നിങ്ങൾക്ക് മലപ്പുറം ജില്ലയിൽ കാണാൻ കഴിയുക. ലണ്ടനിലും ദുബായിലും സിംഗപ്പൂരിലും നിങ്ങൾ കാണുന്ന ഏറ്റവും പുതിയ മോഡൽ വാഹനങ്ങളും വീടുകളും ഷോപ്പിംഗ് മാളുകളും ജീവിതസൗകര്യങ്ങളും മലപ്പുറത്തുണ്ട്. ഞങ്ങടെ പെരിന്തൽമണ്ണയിൽ ഒന്നു വന്നു നോക്കണം. കൊച്ചി നഗരത്തെ വെല്ലുന്ന നൈറ്റ് ലൈഫ് പെരിന്തൽമണ്ണയിൽ നിങ്ങൾക്ക് കാണാം. അങ്ങനെ ആക്ഷേപിക്കല്ലേ മുഖ്യമന്ത്രി. ഒരു മെട്രോ നഗരത്തിന്റെ ജനസംഖ്യയുള്ള മലപ്പുറത്തിന് മാസ് റാപ്പിഡ് ട്രാൻസ്‌പോർട്ട് സിസ്റ്റം അത്യാവശ്യമാണ്. ആ ന്യായമായ ആവശ്യമാണ് തിരൂർ എംഎൽഎ ഉന്നയിച്ചിട്ടുള്ളത്.

1860ൽ തിരൂരിലും നിലമ്പൂരിലും ഒക്കെ ട്രെയിൻ ഓടുമെങ്കിൽ 2025ൽ മെട്രോ ഓടിക്കാൻ കഴിയാത്തത് നിങ്ങളുടെ കഴിവുകേടാണ് മുഖ്യമന്ത്രി. അതിങ്ങനെ വിളിച്ചു പറയല്ലേ.”അതിവേഗം വളരുന്ന മലപ്പുറത്തെ തിരൂരിൽനിന്ന് നിലമ്പൂരിലേക്ക്‌ മെട്രോ റെയിൽ വേണമെന്ന ആവശ്യത്തിലേക്കാണ് ഇന്നലെ സഭയിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ‌്തീൻ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചത്. പ്രകോപിതനായ മുഖ്യമന്ത്രി എടുത്തടിച്ചപോലെ മറുപടി നൽകി. ഈ സർക്കാരിന്റെയോ അടുത്ത പതിറ്റാണ്ടിൽ വരാനിരിക്കുന്ന സർക്കാരുകളുടെയോ ആലോചനയിൽപ്പോലും ഇങ്ങനെയൊരു പദ്ധതിയില്ലെന്ന് അദ്ദേഹം വെട്ടിമുറിച്ച് പറഞ്ഞു. അത് കേട്ട് കുറുക്കോളി മരവിച്ചു. ”എം.എൽ.എ.മാർക്ക് ഏത് കാര്യവും ഉന്നയിക്കാം. പക്ഷേ, ഇതൊക്കെ സഭയിൽ അവതരിപ്പിക്കാൻ അനുവദിക്കണോ? നിയമസഭാ സെക്രട്ടേറിയറ്റ് ആലോചിക്കണം” ശാസനാരൂപത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനം പിന്നാലെ വന്നു.

Continue Reading