Connect with us

International

ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

Published

on

കറാച്ചി: കാശ്മീർ ഉൾപ്പെടെ ഇന്ത്യയുമായുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കാശ്മീരികൾക്ക് പിന്തുണ നൽകുന്നതിനായി പാകിസ്ഥാൻ നടത്തുന്ന വാർഷിക പരിപാടിയായ ‘കാശ്മീർ ഐക്യദാർഢ്യ ദിനത്തിൽ’ മുസാഫറാബാദിൽ പാക് അധിനിവേശ കാശ്മീർ അസംബ്ളിയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചത്. യുഎന്നിന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും സംഭാഷണം ആരംഭിക്കുകയും ചെയ്യണമെന്നാണ് ഷരീഫ് ആവശ്യപ്പെട്ടത്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി പാകിസ്ഥാൻ സന്ദർശിച്ചപ്പോൾ ഒപ്പുവച്ച 1999 ലെ ലാഹോർ പ്രഖ്യാപനത്തിൽ പരാമർശിച്ചിരിക്കുന്നതുപോലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വഷളായ ബന്ധം പരിഹരിക്കാനുള്ള ഏക മാർഗം സംഭാഷണമാണ്. മുന്നോട്ട് പോകാനുള്ള ഏക മാർഗം സമാധാനമാണ്. യുഎൻ പ്രമേയത്തിന് കീഴിലുള്ള ‘സ്വയം നിർണ്ണയാവകാശം’ മാത്രമാണ് കാശ്മീർ പ്രശ്നത്തിനുള്ള ഏക പരിഹാരം’- ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.ജമ്മുകാശ്മീരും ലഡാക്കും രാജ്യത്തിന്റെ അഭിഭാജ്യ ഘടകങ്ങളായി തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം നേരത്തേ വഷളായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടായി. കാശ്മീർ പ്രശ്നം യുഎന്നിൽ വീണ്ടും പാകിസ്ഥാൻ ഉന്നയിക്കുകയും ചെയ്തിരുന്നു.അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിനെതിരെ ഇന്ത്യ ശക്തമായ നടപടി തുടരുകയാണ്. കാശ്മീർ സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനാവുകയും ചെയ്തു.

സാമ്പത്തികമായി തീരെ പാപ്പരായ പാകിസ്ഥാൻ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവർ ചെല്ലും ചെലവും കൊടുത്ത് വളർത്തിയ അഫ്ഗാനിലെ താലിബാൻ പോലും ഇപ്പോൾ തിരിച്ചടിച്ചുതുടങ്ങി. ഇതിനൊപ്പം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളും കൂടുതൽ വഷളായി വരികയാണ്.

Continue Reading