Connect with us

NATIONAL

രാജ്യതലസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

Published

on

ന്യൂഡല്‍ഹി: 26 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജ്യതലസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. രാം ലീല മൈതാനത്ത് നടക്കുന്ന വമ്പന്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ രേഖ ഗുപ്തയ്‌ക്കൊപ്പം ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. മഞ്ജീന്ദര്‍ സിര്‍സ, ആശിഷ് സൂദ്, പങ്കജ് കുമാര്‍ സിങ്, രവീന്ദര്‍ ഇന്ദ്രജ് സിങ്, കപില്‍ മിശ്ര, പര്‍വേശ് വര്‍മ എന്നിവരാണ് രേഖ ഗുപ്തയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കള്‍. ഇതില്‍ പര്‍വേശ് ശര്‍മ ഉപമുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ജാട്ട്, സിഖ്, പഞ്ചാബി, ദളിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ് മന്ത്രിമാരാകുന്നത്.

ഡല്‍ഹിയിലെ ബി.ജെ.പിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത. സുഷമാ സ്വരാജ് മുഖ്യമന്ത്രിയായതിന് ശേഷം നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബി.ജെ.പി. ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. അധികാരമേല്‍ക്കുന്നതോടെ രേഖ ഗുപ്ത നിലവില്‍ രാജ്യത്തെ ബി.ജെ.പിയുടെ ഏക വനിതാ മുഖ്യമന്ത്രിയാകും.

ആദ്യമായാണ് ഇവര്‍ ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഷാലിമാര്‍ ബാഗ് മണ്ഡലത്തില്‍ നിന്നാണ് രേഖ ഗുപ്ത വിജയിച്ചത്. ഡല്‍ഹിയില്‍ പ്രബലരായ ബനിയ വിഭാഗത്തില്‍ പെടുന്ന രേഖ ഗുപ്തയെ മുഖ്യമന്ത്രിയാക്കുന്നത് സ്ത്രീകള്‍ക്കിടയിലും ബനിയ വിഭാഗത്തിലും പാര്‍ട്ടിയുടെ സ്വാധീനം നിലനിര്‍ത്താനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കപ്പെടുന്നത്.  ഇന്ന്  ഉച്ചയ്ക്ക് 12 മണിക്കാണ് സത്യപ്രതിജ്ഞ. ബി.ജെ.പി. മുഖ്യമന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിനെത്തുമെന്നാണ് അറിയുന്നത്

Continue Reading