Connect with us

KERALA

ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി.

Published

on

ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്ന് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ വ്യക്തമാക്കിയതായി സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സുരേഷ് ഗോപി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ ആശ വര്‍ക്കര്‍മാരുടെ സമരവും ഇവരുടെ പ്രശ്‌നങ്ങളും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, സംസ്ഥാന സര്‍ക്കാരാണ് പ്രശ്‌നപരിഹാരം കാണേണ്ടതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. കേരളത്തിന് അധികമായി 120 രൂപ കോടി നല്‍കിയതാണെന്നും കേന്ദ്രസര്‍ക്കാരിന് ഒന്നുംചെയ്യാനില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നമുണ്ടായാലും അതും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു,

കഴിഞ്ഞ ദിവസം ആശ വര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി സമരക്കാര്‍ക്ക് പിന്തുണ അര്‍പ്പിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും അറിയിക്കുമെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയത്.

എന്നാൽ ആശ വര്‍ക്കര്‍മാര്‍ക്ക് ആനുകൂല്യം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ടവരുടെയും സി.പി.എം. നേതാക്കളുടെയും പ്രതികരണം. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം വിമര്‍ശിക്കുകയുംചെയ്തു. ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി വീണാ ജോര്‍ജും പറഞ്ഞിരുന്നു. ആശ വര്‍ക്കര്‍മാര്‍ക്ക് 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപ നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും മന്ത്രി ചൊവ്വാഴ്ച നിയമസഭയിലും വ്യക്തമാക്കി.

Continue Reading