Connect with us

KERALA

കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നം?’; മാധ്യമങ്ങളെ കുറ്റപ്പെടുത്തി വീണ ജോർജ്

Published

on

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അനുമതി തേടിയ വിഷയത്തിൽ മാധ്യമങ്ങളെ വിമർശിച്ച് മന്ത്രി വീണ ജോർജ്. കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നമെന്നും മാധ്യമങ്ങളുടെ ഊഹങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ തനിക്ക് പറ്റില്ലെന്നും അവർ പറഞ്ഞു.

ആശ വർക്കാർമാർ നിരാഹാരത്തിലേക്ക് പോകുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാൻ തീരുമാനിച്ചത്. അതുകൊണ്ടാണ് തലേദിവസം അദ്ദേഹത്തെ കാണാൻ അനുമതി തേടിയത്. മന്ത്രിയെ കാണാൻ അനുമതി തേടിയതാണോ പ്രശ്നം? നിങ്ങൾ നിങ്ങളുടെ ഊഹങ്ങളിൽ വാർത്തകൾ കൊടുക്കുന്നുവെന്നും ആ ഊഹങ്ങൾക്കനുസരിച്ച് പ്രതികരിക്കാൻ തനിക്ക് പറ്റില്ലെന്നും മന്ത്രി പറഞ്ഞു.

‘എന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തായിരുന്നുവെന്ന് ഡൽഹിയിൽവെച്ച് കൃത്യമായി പറഞ്ഞതാണ്. കേന്ദ്ര സ്കീമിൽ പ്രവർത്തിക്കുന്ന ആശമാർ സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയെ കാണാൻ അനുമതി തേടിയത് തെറ്റാണോ? അനുമതി തേടിയതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയുടെ ഓഫീസിൽനിന്ന് എന്താണോ പറഞ്ഞത് അത് വിശ്വസിച്ചോളൂ. ഞാൻ പറയാനുള്ള കാര്യങ്ങൾ നേരത്തേ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തേയും സംസ്ഥാന ആരോ​ഗ്യമന്ത്രിയെയും ക്രൂശിക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിക്കുന്നത്.

‘ഡൽഹി സന്ദർശനത്തിന് രണ്ട് ലക്ഷ്യമാണുള്ളതെന്ന് പറഞ്ഞതാണ്. ഒന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രിയെ കാണുന്നതും രണ്ടാമത്തേത് ക്യൂബൻ സംഘത്തെ സന്ദർശിക്കുകയുമായിരുന്നു. പാർലമെന്റിൽ തിരക്കായതിനാൽ ആരോ​ഗ്യമന്ത്രിയെ കാണാൻ കഴിയുമോയെന്ന് അറിയില്ലെന്നും സാഹചര്യം അനുസരിച്ച് പിന്നീട് കാണുമെന്നുമാണ് ഡൽഹിയിൽവെച്ച് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്.’ വീണ കൂട്ടിച്ചേർത്തു.

ആശ വർക്കർമാരുടെ ഓണറേറിയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടികാട്ടിയപ്പോഴും മന്ത്രി മാധ്യമങ്ങളെ പഴിച്ചു. ‘ചില മാധ്യമങ്ങൾ എന്താണ് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. നിങ്ങൾ നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ വാർത്ത കൊടുത്തോളൂ. ഞാൻ സത്യമാണ് പറഞ്ഞത്. അല്ലെന്ന് നിങ്ങൾ തെളിയിക്കുക’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ആശ പ്രവർത്തകരുടെ നിരാഹാര സമരം തുടങ്ങുന്ന ദിവസമായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജ് ഡൽഹിയിലെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയോട് ആശമാരുടെ വിഷയം ഉന്നയിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു വീണ ജോർജ് പറഞ്ഞിരുന്നത്. എന്നാൽ, പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചിട്ടില്ലെന്ന് വീണ പിന്നീട് അറിയിച്ചു. ബുധനാഴ്ച വൈകീട്ട് കത്തു നൽകിയിരുന്നതായും എന്നാൽ അനുമതി ലഭിച്ചില്ലെന്നുമാണ് ഇത് സംബന്ധിച്ച് മന്ത്രിയുടെ വിശദീകരണം. കത്ത് വൈകിയാണ് ലഭിച്ചതെന്നും മുൻകൂട്ടി ചോദിക്കാതെ കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.

Continue Reading