KERALA
ആശാവർക്കർമാർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളോട് ഒരു തരത്തിലുളള വിയോജിപ്പും സർക്കാരിനില്ല. : കേരളത്തിന് ഇനി ഒന്നും ചെയ്യാനില്ല’-

തിരുവനന്തപുരം: കഴിഞ്ഞ 38 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന രാപകൽ സമരത്തിന് എൽഡിഎഫോ സർക്കാരോ എതിരല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ. ആശാവർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നത്തിൽ കേരളത്തിന് ഇനി ഒന്നും ചെയ്യാനില്ലെന്നും എ കെ ബാലൻ വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആശാവർക്കർമാരുടെ സമരത്തെക്കുറിച്ച് സിപിഎമ്മും സർക്കാരും വ്യക്തമാക്കിയതാണ്. കേന്ദ്ര ധനസഹായത്തോടെയുളള പദ്ധതിയുടെ കീഴിലുളളവരാണ് ആശാവർക്കർമാർ. അതുകൊണ്ട് അവരുടെ വേതനം വർദ്ധിപ്പിക്കണോ അല്ലെങ്കിൽ ആനുകൂല്യത്തിൽ മാറ്റം വരുത്തണോയെന്നത് കേന്ദ്രം തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷെ കേന്ദ്ര സർക്കാർ നിശ്ചയിച്ച ആനുകൂല്യത്തിനേക്കാൾ കൂടുതലാണ് ഞങ്ങൾ കൊടുക്കുന്നത്. കേന്ദ്രം 3000 രൂപയാണ് അനുവദിച്ചിട്ടുളളത്. പക്ഷെ കേരളം 7000 രൂപയാണ് നൽകുന്നത്. ആശാവർക്കർമാർ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളോട് ഒരു തരത്തിലുളള വിയോജിപ്പും സർക്കാരിനില്ല. അത് പരിഹരിക്കേണ്ടത് കേന്ദ്രമാണ്. സർക്കാരോ ട്രേഡ് യൂണിയനോ ആശാവർക്കർമാരുടെ സമരത്തിന് എതിരല്ല. കേരളത്തിന് ഇനി ഒന്നും ചെയ്യാനില്ല’- എ കെ ബാലൻ പറഞ്ഞു.