Connect with us

Entertainment

എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം.ചിത്രം കാണുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന അധ്യക്ഷന്‍ചിത്രം ശുദ്ധ അസംബന്ധവും ഭീകരസംഘടനകളെ വെള്ളപൂശാനുള്ളതുമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ്

Published

on

തിരുവനന്തപുരം: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി സംസ്ഥാന ബിജെപിയില്‍ ആശയക്കുഴപ്പം. ഉള്ളടക്കം പുറത്തുവരുംമുമ്പേതന്നെ ചിത്രം കാണുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ആര്‍എസ്എസ് നേതാക്കളും സംഘപരിവാര്‍ പ്രൊഫൈലുകളും എമ്പുരാനെതിരെ പ്രചാരണം ശക്തമാക്കിയിട്ടുമുണ്ട്. ചിത്രം ശുദ്ധ അസംബന്ധവും ഭീകരസംഘടനകളെ വെള്ളപൂശാനുള്ളതുമാണെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥിന്റെ പ്രതികരണം.

പ്രമേയത്തിലും കഥാപാത്രങ്ങളിലും ബിജെപി വിമര്‍ശനമുണ്ടെന്ന അവലോകനങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. വ്യാപക ആക്രമണം തുടങ്ങുന്നതിന് മുമ്പാണ് സംസ്ഥാന അധ്യക്ഷന്‍ ചിത്രത്തെ പിന്തുണച്ച് ഫേയ്സ്ബുക്കിൽ പ്രതികരിച്ചത്. ‘മോഹന്‍ലാല്‍- പൃഥ്വിരാജ് ടീമിന് ആശംസകള്‍. വരും ദിനങ്ങളില്‍ ഞാനും എമ്പുരാന്‍ കാണുന്നുണ്ട്’, എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

അതേസമയം, സംസ്ഥാനത്തെ ആര്‍എസ്എസിന്റെ പ്രധാനചുമതലക്കാരില്‍ ഒരാളായ ജെ. നന്ദകുമാര്‍ സിനിമയെ രൂക്ഷമായി വിമര്‍ശിച്ചു. ‘വാരിയംകുന്നനായി എമ്പുരാന്‍’, അലങ്കാരം ഉപമയോ ഉള്‍പ്രേക്ഷയോ’ എന്നായിരുന്നു നന്ദകുമാറിന്റെ പോസ്റ്റ്. ഇതിനിടെയാണ് രാജീവ് ചന്ദ്രശേഖറിന്റേതിന് വിരുദ്ധനിലപാടുമായി പി. രഘുനാഥ് രംഗത്തെത്തിയത്. ‘പിഎഫ്‌ഐയെ പോലുളള സംഘടനകളെയും ഐഎസ്‌ഐയെ പോലുള്ള ബാഹ്യശക്തികളെയും വെള്ളപൂശാനുള്ള ചിലരുടെ ശ്രമമാണോ എന്ന് പരിശോധിക്കപ്പെടണം. രാജ്യദ്രോഹ ശക്തികളുടെ ഫണ്ട് ഇത്തരം നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നുണ്ട് എന്നുവേണം കരുതാന്‍. അഭിനേതാക്കളും പ്രമേയത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാവേണ്ടതാണ്’, എന്നായിരുന്നു രഘുനാഥിന്റെ പോസ്റ്റ്.

പി. രഘുനാഥിനെ തള്ളി, രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ചായിരുന്നു കഴിഞ്ഞദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശിന്റെ പ്രതികരണം. സിനിമയെ ആശ്രയിച്ചാണോ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തനം എന്നായിരുന്നു എം.ടി. രമേശിന്റെ ചോദ്യം. സിനിമയെ സിനിമയായി കണ്ടാല്‍മതി. അത് മനസിലാക്കാനുള്ള സാമാന്യബുദ്ധി എല്ലാര്‍വര്‍ക്കുമുണ്ട്. ഇഷ്ടമുള്ളവര്‍ക്ക് കാണാം, കാണാതിരിക്കാമെന്നും എം.ടി രമേശ് പറഞ്ഞിരുന്നു.

Continue Reading