NATIONAL
ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയേറി

മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടി ഉയർന്നു. തമുക്കം മൈതാനത്ത് സജ്ജമാക്കിയ സീതാറാം യെച്ചൂരി നഗറിൽ ബുധനാഴ്ച രാവിലെ മുതിർന്ന സിപിഎം നേതാവ് ബിമൻ ബസു പതാക ഉയർത്തി. അധഃസ്ഥിതരുടെ പോരാട്ടവീര്യത്തിന്റെ ചരിത്രംകൂടി പേറുന്ന ക്ഷേത്രനഗരം അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷമെത്തുന്ന സമ്മേളനത്തിന് വേദിയൊരുക്കാൻ ചുവന്നുകഴിഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ ഹാളിൽ പൊതുസമ്മേളനം 10.30-ന് പൊളിറ്റ് ബ്യൂറോ കോഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്യും. മുൻ ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ അധ്യക്ഷതവഹിക്കും.ഉച്ചയ്ക്ക് തുടങ്ങുന്ന പ്രതിനിധിസമ്മേളനത്തിൽ 731 പ്രതിനിധികളും 80 നിരീക്ഷകരും പങ്കെടുക്കും.
രാജ്യത്തിന്റെ ഫെഡറൽ ഘടനയെക്കുറിച്ച് വ്യാഴാഴ്ച വൈകീട്ട് നടക്കുന്ന സെമിനാറിൽ കേരള മുഖ്യമന്ത്രി പിണറായിവിജയനൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും.സമാപനദിവസമായ ഏപ്രിൽ ആറിന് വൈകീട്ട് റെഡ് വൊളന്റിയർ മാർച്ചും റാലിയും നടക്കും.