NATIONAL
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ചുമതലയേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ചുമതലയേറ്റു
ന്യൂ ഡല്‍ഹി: സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ. ഗവായ് ചുമതലയേറ്റു. രാവിലെ 10 മണിയോടെ രാഷ്‌ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ‍്ഞ. രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു. ഈ വര്‍ഷം നവംബര്‍ 23 വരെയാണ് ഗവായിയുടെ കാലാവധി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന സാഹചര്യത്തിലാണ് ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. വിരമിക്കുന്ന ചീഫ് ജസ്റ്റിസിന് പുതിയ ആളെ നിർദേശിക്കാനുള്ള അധികാരമുണ്ട്. അതിനാൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഗവായിയുടെ പേര് നിർദേശിച്ചത്. ദളിത് വിഭാഗത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ബി.ആർ. ഗവായ്.
2003 നവംബർ 14ന് ബി.ആർ. ഗവായ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി. 2019ൽ ഗവായിയെ സുപ്രീംകോടതി ജസ്റ്റിസായി നിയമിച്ചു. സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2016ലെ കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനം ശരിവെച്ച വിധിയും, ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി വിധിയും ഇതിൽ ഉൾപ്പെടുന്നു.
സുപ്രീം കോടതിയിലെ രണ്ടാമത്തെ മുതിർന്ന അഭിഭാഷകനാണ് ജസ്റ്റിസ് ബി.ആർ. ഗവായ്. ബോംബെ ഹൈക്കോടതിയിലെ മുൻ ജഡ്ജിയായ ഗവായ് നാഗ്പൂരിലെ മഹാരാഷ്‌ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി ചാൻസലറാണ്. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ എക്സ് ഒഫീഷ്യോ എക്സിക്യൂട്ടീവ് ചെയർമാനുമാനുമാണ്.