Business
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേനയുടെ പരിശോധന ഇന്ന്

കോഴിക്കോട്: പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാരസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേനയുടെ പരിശോധന ഇന്ന്. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക. പരിശോധന നടത്തി റിപ്പോർട്ട് ഇന്നുതന്നെ ജില്ലാ കളക്‌ടർക്ക് സമർപ്പിക്കും. തീപിടിത്തത്തെ കുറിച്ചുള്ള വിശദമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സമർപ്പിക്കാൻ ജില്ലാ കളക്‌ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. അതേസമയം വിഷയം ചർച്ച ചെയ്യാൻ പ്രത്യേക സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേർക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.
പുതിയ ബസ് സ്റ്റാൻഡ് കോംപ്ളക്സിലെ ടെക്‌സ്‌റ്റൈൽസിൽ നിന്ന് ആളിപ്പടർന്ന തീ കോഴിക്കോട് നഗരത്തെ ഇന്നലെ അഞ്ചു മണിക്കൂറിലേറെ മുൾമുനയിലാക്കിയിരുന്നു. കരിപ്പൂർ എയർപോർട്ടിലെ സ്‌പെഷ്യൽ ഫയർ യൂണിറ്റുകളടക്കം എത്തിയാണ് തീ ഒരുവിധം നിയന്ത്രണ വിധേയമാക്കിയത്. സ്റ്റാൻഡിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബസുകൾ മാറ്റി. നഗരം സ്തംഭിച്ചു. കോടികളുടെ നഷ്ടമുണ്ടായി. ഒഴിവുദിവസം ആയതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ വൈകിട്ട് അഞ്ചിനാണ് തീ പടർന്നുപിടിച്ചത്.
ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ ഒന്നാം നിലയിൽ കോട്ടൂളി സ്വദേശിയായ മുകുന്ദന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് ടെക്സ്റ്റൈൽസിൽ ആയിരുന്നു തീപിടിത്തം. കാരണം വ്യക്തമല്ല. ഗോഡൗണിൽ നിന്നുയർന്ന തീ നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടർന്നു. ടെക്‌സ്‌റ്റൈൽസ് പൂർണമായും കത്തിയമർന്നു. നഗരമാകെ കറുത്ത പുകയിലും ചൂടിലും അമർന്നു.
ജില്ലയിലെ എട്ട് ഫയർഫോഴ്സ് യൂണിറ്റുകളും മലപ്പുറം ജില്ലയിലെയും കോഴിക്കോട് എയർപോർട്ടിലെ സ്‌പെഷ്യൽ ഫയർ യൂണിറ്റുകളടക്കം പരിശ്രമിച്ച് രാത്രി 10 മണിയോടെയാണ് തീയണച്ചത്. മറ്റ് കടകളിലേക്കും തീ പടർന്നു.സ്‌കൂൾ തുറക്കുന്ന കാലമായതിനാൽ ടെക്‌സ്‌റ്റൈൽസിൽ വലിയ രീതിയിൽ സ്‌റ്റോക്കുണ്ടായിരുന്നു.