KERALA
മന്ത്രിമാര്‍ തമ്മില്‍ അവകാശത്തര്‍ക്കം. തദ്ദേശവകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം∙ നഗരത്തിലെ സ്മാര്‍ട് റോഡുകളുടെ ഉദ്ഘാടനം വിപുലമായി ആഘോഷിച്ചതിനു പിന്നാലെ സിപിഎം മന്ത്രിമാര്‍ തമ്മില്‍ അവകാശത്തര്‍ക്കം. തദ്ദേശവകുപ്പിനെ വെട്ടി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതിയുടെ പൂര്‍ണമായ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ഭരണതലത്തിൽ ഒരു വിഭാഗം ചർച്ചയാക്കി. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രിമാര്‍ തമ്മിൽ തർക്കമുണ്ടായതോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിന്നതെന്ന് വാർത്തകൾ പ്രചരിച്ചതോടെ ഇക്കാര്യം നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താക്കുറിപ്പ് ഇറക്കി.
കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ക്കു പുറമേ തദ്ദേശ വകുപ്പിന്റെ 80 കോടിയോളം രൂപ ചെലവഴിച്ചാണ് സ്മാര്‍ട് റോഡുകള്‍ തയാറാക്കിയത്. എന്നാല്‍ ഉദ്ഘാടനപരിപാടിയില്‍നിന്ന് തദ്ദേശവകുപ്പ് മന്ത്രിയെ ഉള്‍പ്പെടെ പൂര്‍ണമായി ഒഴിവാക്കിയെന്നാണു പരാതി. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലും മന്ത്രി എം.ബി.രാജേഷ് ഇക്കാര്യം ചൂണ്ടിക്കാട്ടിയതായി സൂചനയുണ്ട്. സ്മാര്‍ട് റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളിലും ഫ്‌ളക്‌സുകളിലും മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരുന്നത്.