Crime
പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച്ജ്യോതി മൽഹോത്ര,

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യൂടൂബർ ജ്യോതി മൽഹോത്ര, ചോദ്യം ചെയ്യലിൽ തനിക്ക് പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചു. ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനുമായി താൻ പതിവായി സംസാരിക്കാറുണ്ടന്ന് ചോദ്യം ചെയ്യലിനിടെ ജ്യോതി സമ്മതിക്കുകയായിരുന്നു. 2023ൽ പാകിസ്ഥാനിലേക്ക് പോകാനുള്ള വിസയ്ക്കുവേണ്ടി ഹൈക്കമ്മീഷൻ സന്ദർശിച്ചപ്പോഴാണ് എഹ്സർ ദാർ എന്നറിയപ്പെടുന്ന ഡാനിഷുമായി താൻ ആദ്യം ബന്ധപ്പെട്ടതെന്നും ജ്യോതി പറഞ്ഞു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ നിന്നും പുറത്താക്കിയ പാക് നയതന്ത്രജ്ഞരിൽ ഒരാളാണ് ഡാനിഷ്. ഡാനിഷിലൂടെയാണ് അലി ഹസനെ പരിചയപ്പെടുന്നത്. അലിഹസനാണ് പാകിസ്ഥാനിൽ ജ്യോതി മൽഹോത്രക്ക് താമസ സൗകര്യം ഏർപ്പെടുത്തിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് കരുതുന്ന രണ്ടുപേരെ അലി ഹസനാണ് തനിക്ക് പരിചയപ്പെടുത്തി തന്നതെന്നും ജ്യോതി വെളിപ്പെടുത്തി.
ഷാക്കിർ,റാണ ഷഹബാസ് തുടങ്ങിയ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയാണ് ജ്യോതിക്ക് പരിചയപ്പെടുത്തിയത്. സംശയം തോന്നാതിരിക്കാൻ ഷാക്കിറിന്റെ പേര് ‘ജട്ട് രാധാവ’ എന്നാക്കി ഫോണിൽ സേവ് ചെയ്തിരുന്നതെന്ന് ചോദ്യം ചെയ്യലിനിടെ ജ്യോതി സമ്മതിച്ചു.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, വാട്ട്സ്ആപ്പ്, സ്നാപ്പ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ എൻക്രിപ്റ്റ് ചെയ്ത മെസേജിംഗ് പ്ലാറ്റ് ഫോമുകൾ വഴിയാണ് പാകിസ്ഥാൻ ഇന്റലിജൻസിലെ ഏജന്റുമാരുമായി ജ്യോതി ബന്ധം നിലനിർത്തിയത്. ‘ട്രാവൽ വിത്ത് ജൊ’ എന്ന യൂടൂബ് ചാനലിന്റെ ഉടമയാണ് ജ്യോതി മൽഹോത്ര. ഏകദേശം നാല് ലക്ഷം സബ്സ്ക്രൈബർമാർ ചാനലിനുണ്ട്.