Entertainment
ഷൈൻ ടാേം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടാൻ കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സംശയം
ബംഗളൂരു: നടൻ ഷൈൻ ടാേം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടാൻ കാരണം ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സൂചന നൽകി പൊലീസ്. സ്ഥിരം അപകടമേഖലയായ ധർമപുരിക്ക് അടുത്ത് പാലക്കോടാണ് അപകടം ഉണ്ടായത്. റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. മുൻസീറ്റിലിരുന്ന പിതാവ് ചാക്കോയ്ക്ക് ഇടിയുടെ ആഘാത്തതിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണകാരണമായതെന്നാണ് വിവരം. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പുതന്നെ അദ്ദേഹം മരിച്ചു.
അപകടത്തിൽ ഷൈനിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. ശസ്ത്രക്രിയ ആരംഭിച്ചതായാണ് വിവരം. അമ്മയ്ക്ക് ഇടുപ്പിന് പരിക്കുണ്ടെങ്കിലും അത് ഗുരുതരമല്ല. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സഹോദരനും അസിസ്റ്റന്റിനും കൈകൾക്ക് പരിക്കേറ്റു.
ഷൈനിന്റെ തുടർ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നേരത്തേ തൊടുപുഴയിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം ഷൈൻ ചില ഷൂട്ടിംഗുകളിൽ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ബംഗളൂരുവിലേക്ക് ചികിത്സയ്ക്ക് പോയത്.
ധർമപുരി സർക്കാർ മെഡിക്കൽ കോളേജിലാണ് ഷൈൻ ചികിത്സയിൽ കഴിയുന്നത്. പിതാവ് ചാക്കോയുടെ മൃതദേഹവും ഇതേ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.പോസ്റ്റുമോർട്ടം കഴിഞ്ഞ് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നാണ് അറിയുന്നത്. മൃതദേഹത്തിനൊപ്പം ഷൈനും മറ്റുള്ളവരും നാട്ടിലേക്ക് തിരിക്കുമെന്നും കൊച്ചിയിലായിരിക്കും തുടർ ചികിത്സ എന്നുമാണ് റിപ്പോർട്ടുകൾ.കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രിയാണ് ഷൈൻ ടോം ചാക്കോയും കുടുംബവും ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.
