KERALA
പന്ത്രണ്ട് കോടിയുടെ ഭാഗ്യവാൻ ഷറഫുദീൻ . വിൽക്കാതെ ബാക്കി വന്ന ടിക്കറ്റിന് ക്രിസ്‌മസ്- പുതുവത്സര ബംബർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്രിസ്‌മസ്- പുതുവത്സര ബംബർ ലോട്ടറി വിജയി തെങ്കാശി സ്വദേശി ഷറഫുദ്ദീൻ. 12 കോടി രൂപയുടെ ബംപറാണ് ഷറഫുദ്ദീന് ലഭിച്ചത്. ലോട്ടറി വിൽപ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്.
ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം ലഭിച്ചതെന്നും പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷറഫുദ്ദീൻ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്.
ഷറഫുദ്ദീന് ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് ലോട്ടറി വിറ്റ ഭരണി ഏജൻസി ഉടമ പറഞ്ഞത്. രണ്ടായിരത്തി പത്തിൽ രണ്ട് കോടി അടിച്ച ശേഷം ഏജൻസിയിൽ നിന്ന് ഇപ്പോഴാണ് ഇത്രയും വലിയ സമ്മാനം അടിക്കുന്നത്. കേരള സർക്കാരിനും ആര്യങ്കാവ് അയ്യപ്പനുമാണ് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.ലോട്ടറി ടിക്കറ്റുമായി ഷറഫുദ്ദീൻ സംസ്ഥാന ലോട്ടറി വകുപ്പിൽ എത്തിച്ചേർന്നിട്ടുണ്ട്. തെങ്കാശി സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന ഷറഫുദ്ദീൻ ഏറെ കാലം പ്രവാസിയായിരുന്നു. സാമ്പത്തിക ബാദ്ധ്യതകളുളള അദ്ദേഹം അത് വീട്ടുന്നതിന് കൂടി വേണ്ടിയാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്.