KERALA
കത്തോലിക്കാ സഭാ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്കാ സഭാ മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച വളരെ സൗഹാര്‍ദ്ദപരമായിരുന്നെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മേലധ്യക്ഷന്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നെന്നും സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ചര്‍ച്ചകളാണ് നടന്നതെന്നും സഭാധ്യക്ഷന്‍മാര്‍ വ്യക്തമാക്കി. കോവിഡിനെതിരായി ഭാഗമായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഭീമ കൊറേഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമിയുടെ മോചനം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്‌തെന്നും അവര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ട ചില വിഷയങ്ങളില്‍ രേഖാമൂലം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. മാര്‍പ്പാപ്പയെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുന്നതില്‍ പ്രധാനമന്ത്രി അനുകൂല സമീപനമാണ് സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കി