KERALA
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ?

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കുമെന്ന് സൂചന നൽകി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഒരു സ്വകാര്യ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം സൂചന നൽകിയത്. പ്രഖ്യാപനം ഫെബ്രുവരി പകുതിക്കുശേഷം ഉണ്ടാകും. എന്നാൽ പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തീയതി നിശ്ചയിക്കുക എന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സൂചിപ്പിച്ചു.
അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനം പുറപ്പെടുവിച്ചശേഷം അഞ്ച് ദിവസത്തിനകം തപാൽവോട്ടിന് അപേക്ഷിച്ചാൽ മതിയെന്നും ടിക്കാറാം മീണ വ്യക്തമാക്കി. ഭിന്ന ശേഷിക്കാർക്കും 80 വയസ് പിന്നിട്ടവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിക്കുമെന്ന് അദ്ദേഹം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. പോസ്റ്റൽ ബാലറ്റ് വേണോ വേണ്ടയോ എന്ന് അവരവർക്ക് തീരുമാനമെടുക്കാനുളള അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം വോട്ടർമാരെന്ന് നിജപ്പെടുത്തും.