Connect with us

NATIONAL

നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയതെന്ന് കെ.സി. വേണുഗോപാൽ

Published

on

ന്യൂഡല്‍ഹി: നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരായി കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ വിവാദത്തിനിടയാക്കിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം പറയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ബാധകമാണ് എന്നാണ് നേതാക്കളോട് പറയാനുള്ളത്. ഓരോ ദിവസവും ഓരോവിധത്തിലുള്ള പ്രസ്താവനയുമായി മുന്നോട്ടുപോകുന്നവര്‍ സ്വയം ചിന്തിക്കണം. അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്ലാവരുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു.
വിവാദങ്ങള്‍ കുറയ്ക്കുക എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് പറയാനുള്ളത്. സുധാകരന്‍ നടത്തിയ പ്രസ്താവന നാടന്‍ ശൈലിയിലാണ്. എംഎം മണിയും ജി സുധാകരനുമെല്ലാം സംസാരിക്കുമ്പോള്‍ അത് നാടന്‍ ശൈലി എന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി അദ്ദേഹത്തിന്റെ മേല്‍ കുതിരകയറുകയാണ്.
താന്‍ ഏതെങ്കിലും ജാതിയെ അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹവും ജനിച്ച ജാതിയില്‍ അഭിമാനം കൊള്ളുന്ന ആളാണ്. സുധാകരന്‍ പറഞ്ഞ വാക്കിനെ വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും സുധാകരന്റെ വിശദീകരണത്തോടെ അത് അവസാനിപ്പിക്കേണ്ടതാണെന്നും കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Continue Reading