KERALA
പിണറായിക്കെതിരെ പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നതായി ആവർത്തിച്ച് കെ.സുധാകരൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് കെ. സുധാകരൻ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നുണ്ടോയെന്നതാണ് ചോദ്യമെന്നും സുധാകരൻ പറഞ്ഞു.
അനാവശ്യ പ്രതികരണം നടത്തി ഷാനിമോൾ ഉസ്മാൻ പ്രതിക്കൂട്ടിലായി. രമേശ് ചെന്നിത്തലയും പ്രസ്താവന തിരുത്തി. കോൺഗ്രസ് നേതൃത്വം നിലപാട് തിരുത്തിയത് ആദരവോടെ സ്വീകരിക്കുന്നു.ചെത്തുകാരൻ എന്ന് പറയുന്നതിൽ എന്താണ് അപമാനം. എന്ത് ജോലി ചെയ്യുന്നതും അഭിമാനമാണ്. പിണറായി വിജയനെ പൊക്കിപറയലല്ല സിപിഎമ്മിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുകയെന്നതാണ് തന്റെ ജോലിയെന്നും സുധാകരൻ തുറന്നടിച്ചു.
പിണറായി വിജയൻ പലഘട്ടത്തിൽ പലർക്കെതിരെയും നടത്തിയ പ്രസ്താവനക ളിൽ ഒന്നെങ്കിലും പിൻവലിച്ചിട്ടുണ്ടോ. രാഷ്ട്രീയത്തിലെ ഭിന്നനിലപാടല്ലാതെ പിണറായിയോട് വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നികൃഷ്ടജീവി, പരനാറി തുടങ്ങിയ പരാമർശങ്ങൾ പിണറായി പിൻവലിച്ചിട്ടുണ്ടോ. മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് സ്വാതന്ത്ര സമരസേനാനിയായ ഗോപാലനെ അട്ടം പരതി ഗോപാലനെന്ന് പിണറായി വിജയൻ ആക്ഷേപിച്ചതും സുധാകരൻ ചൂണ്ടിക്കാട്ടി. മുല്ലപ്പള്ളിയുടെ അച്ഛൻ ഗോപാലൻ സ്വാതന്ത്ര സമരസേനാനിയായിരുന്ന കാലത്ത് പിണറായിയുടെ അച്ഛൻ നാട്ടിൽ കൂടെ തേരാപാരാ നടക്കുകയായിരുന്നുവെന്നും സുധാകരൻ പരിഹസിച്ചു.