Connect with us

KERALA

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന്  എം.എ.ബേബി

Published

on

കോഴിക്കോട് :∙കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സിപിഎമ്മിനെതിരെ വ്യാജ നിർമിതി ഉണ്ടായി. വിമോചനസമര കാലത്ത് ഉണ്ടായ വ്യാജ നിർമിതി ഇപ്പോഴും തുടരുകയാണെന്നും എം.എം. ബേബി പറഞ്ഞു. സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷവും ക്യൂബയിലെ യുഎസ് ഇടപെടലും ബ്രിക്സ് ഉച്ചകോടിയും ദേശീയ രാഷ്ട്രീയവും വരെ പരാമർശിച്ചാണ് ജനറൽ സെക്രട്ടറി ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പ്രതിനിധികളെ അഭിസംബോധന ചെയ്തത്. ഒന്നേകാൽ മണിക്കൂർ സംസാരിച്ചിട്ടും ഇ.ഡി എന്ന വാക്ക് പോലും ഒരിടത്തും പരാമർശിക്കാതെ ആയിരുന്നു എം.എ. ബേബിയുടെ ഉദ്ഘാടന പ്രസംഗം.

എന്താണ് യുഡിഎഫ് ഭരണമെന്ന് ഇപ്പോൾ തന്നെ ജനത്തിനു മനസിലായി. ‘നിലപാടുകളുടെ രാജകുമാരൻ’ എന്താണ് ചെയ്യുന്നത്. എൽഡിഎഫ് സർക്കാർ കൊണ്ടു വന്ന ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. പവർകട്ട് എന്താണെന്നു പുതുതലമുറയ്ക്കു മനസിലായി. യുഡിഎഫ് സർക്കാരിനെ താഴെയിറക്കാൻ യുഡിഎഫിന്റെ നയങ്ങൾ തന്നെ കാരണമാകുമെന്നു ജനം പറയുന്നു. നിലപാടുകളുടെ രാജകുമാരന്റെ ‘നില’ പാടാകും.

ഇടതുപക്ഷത്തെ തകർക്കാൻ വിശാലധാരയുണ്ടാകുന്ന രീതി 1957 മുതൽ ഉണ്ട്. പാളയിൽ കഞ്ഞി കുടിപ്പിക്കും എന്ന് ചിലർ അന്ന് മുദ്രാവാക്യം വിളിച്ചു. അമേരിക്കയുടെ സിഐഎയുടെ ഡോളർ വരെ വിമോചന സമര കാലത്ത് കടന്നു വന്നു. അന്ന് പ്രതിലോമകരമായി ‘വിമോചന സമരം’ എന്ന പേരിട്ടാണ് ഇടതു സർക്കാരിനെതിരെ പ്രതിഷേധം നടത്തിയത്. പരാജയം ചർച്ച ചെയ്യുമ്പോൾ പാർട്ടി നടപ്പാക്കിയ വികസന മാതൃകകൾ കൂടി ഓർമിക്കണം. ലോകത്തിനു മുന്നിൽ കേരളത്തെ നിവർന്നു നിൽക്കാൻ പ്രാപ്തമാക്കിയത് കമ്യുണിസ്റ്റ് പ്രസ്ഥാനമാണ്. രാഷ്ട്രപതി ഭരണത്തിന്റെ കാലയളവു മാറ്റി നിർത്തിയാൽ പിന്നിട്ട 70 വർഷത്തിൽ 30 വർഷം മാത്രമാണ് ഇടതുപക്ഷം ഭരിച്ചത് എന്നും ഓർമിക്കണം.

പാർട്ടി നേടിയ വളർച്ചയും ആരും കാണാതെ പോകരുത്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിനു നൽകിയ സംഭാവന വിസ്മരിക്കാനാവില്ല. ഇടതുപക്ഷം കേരളത്തിൽ നടപ്പാക്കിയ വികസന മാതൃകകൾ ലോകം മാതൃകയാക്കി. പാർട്ടിയുടെ കടമയും ഉത്തരവാദിത്തവും ഏറെ വലുതാണ്. ചില മാധ്യമങ്ങൾ കമ്യുണിസ്റ്റ് വിരുദ്ധ ജൽപനങ്ങൾ മാത്രം നടത്തുന്നു. നെഹ്റുവിയൻ കോൺഗ്രസ് എന്ന് ഇന്നു മതിപ്പു പറയുന്നവർ ചരിത്രം ഓർമിക്കണം. 1960 ൽ ഭൂരിപക്ഷം ഉണ്ടായിട്ടും ഇഎംഎസ്. സർക്കാരിനെ പിരിച്ചുവിട്ടത് നെഹ്റു നേതൃത്വം നൽകിയ കേന്ദ്ര സർക്കാരാണ്.
സമഗ്രമേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുകയാണ്. കോടതികളിൽ പോലും ആർഎസ്എസ് സ്വാധീനം ഉറപ്പിക്കുന്നു. ഇതിൽ കോടതി അലക്ഷ്യമുണ്ടായാലും അതു നേരിടാൻ തയാറാണ്. അന്വേഷണ എജൻസികളിൽപോലും ആർഎസ്എസ് കടന്നുകയറുന്നു. കേരളത്തിലെ അന്വേഷണ എജൻസികളിലും ആർഎസ്എസ് കടന്നു കയറിയിട്ടുണ്ട്. ആർഎസ്എസിന്റെ കൊലപാതക രാഷ്ട്രീയത്തെ പ്രതിരോധിച്ചത് സിപിഎമ്മാ ണെന്നും ബേബി കുട്ടിച്ചേർത്തു.

Continue Reading