KERALA
സിപി എം വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തി
കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച കനത്ത തിരിച്ചടി പരിശോധിച്ച് ജനങ്ങൾക്കു പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തൽ നടപടികളിലേക്ക് സിപിഎം. ഇതു ലക്ഷ്യം വച്ചുള്ള വിശാല സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കമായി. മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് വിശാല സംസ്ഥാന സമിതി യോഗം നടക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് വളപ്പിലെ എകെജി ഹാളിനു മുന്നിൽ പാർട്ടി പതാക ഉയർത്തിയത്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. തുടർന്ന് ഹാളിൽ ഒത്തുചേർന്ന സമ്മേളന പ്രതിനിധികളെ സമ്മേളനത്തിനു തുടക്കം കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി അഭിസംബോധന ചെയ്തു. ഇതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അവതരിപ്പിക്കുന്ന റിപ്പോർട്ടിലെ ചർച്ചകളിലാണു പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളും തിരുത്തൽ നടപടികളും പ്രതിനിധികൾ വിലയിരുത്തുന്നത്. സംസ്ഥാന സമിതി യോഗം ചേർന്ന് ഉൾപ്പെടുത്തിയ തിരുത്തലുകൾ കൂടി ഉൾപ്പെടുന്ന രേഖയാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. 13, 14, 15 തീയതികളിലായി ചേരുന്ന സമ്മേളനത്തിൽ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നിലെ കാരണം പരിശോധിക്കും.
