Connect with us

International

ഷീ ജിൻപിംഗ് ഇന്ത്യയിലെത്തി. നരേന്ദ്രമോദിയുമായ് വൈകിട്ട്  നിർണായക കൂടിക്കാഴ്‌ച.

Published

on

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഇന്ത്യയിലെത്തി. വിദേശകാര്യ സഹമന്ത്രി ജിതിൻ പ്രസാദയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഏഴു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഷീ ഇന്ത്യയിലെത്തുന്നത്. ഷീയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് വൈകിട്ട് 5.45ന് നിർണായക കൂടിക്കാഴ്‌ച നടത്തും.

വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയായ ബ്രിക്‌സിന്റെ 18-ാമത് ഉച്ചകോടിക്ക് ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാവും. ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ‘ഇൻക്ലൂസീവ് ഗ്ലോബൽ ഗവേണൻസും ശാക്തീകരണ ബഹുമുഖത്വവും’ എന്ന വിഷയത്തിൽ അടച്ചിട്ട മുറിയിലെ ചർച്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. രാത്രി ഏഴരയ്‌ക്ക് ഭാരത് മണ്ഡപത്തിന്റെ ലെവൽ മൂന്ന് ഓഡിറ്റോറിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കൾക്ക് അത്താഴ വിരുന്നൊരുക്കും. ഉച്ചയ്‌ക്ക് ഭാരത് മണ്ഡപത്തിലെ ലെവൽ രണ്ട് ഓഡിറ്റോറിയത്തിലെത്തുന്ന ബ്രിക്‌സ് നേതാക്കൾ ഒന്നിച്ച് ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് അണിനിരക്കും.

വൈകിട്ട് നേതാക്കൾ ബ്രിക്‌സ് ഓർമ്മയ്‌ക്കായി വൃക്ഷത്തൈകൾ നടും. സമാപന ദിവസമായ നാളെ പരിപാടികൾ രാവിലെ 9.55ന് തുടങ്ങും. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് അജണ്ടയുടെ ഭാഗമായുള്ള ചർച്ചയാണ് പ്രധാനം. തുടർന്ന് ലോകം കാതോർക്കുന്ന ബ്രിക്‌സ് പ്രഖ്യാപനത്തോടെ ഉച്ചകോടി സമാപിക്കും.മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി റഷ്യൻ പ്രസി‌ഡന്റ് വ്‌ളാഡിമി‌ർ പുടിൻ ഇന്നലെതന്നെ ഇന്ത്യയിലെത്തിയിരുന്നു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടത്തുന്നതിനായാണ് സന്ദർശനം.

Continue Reading