Connect with us

International

ബ്രിക്സ് ഉച്ചകോടി നാളെരാജ്യ തലസ്ഥാനത്ത് വൻ സുരഷ : 30,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

Published

on

ന്യൂഡൽഹി: ഇന്ത്യ ആതിഥ്യമരുളുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി നാളെ  ആരംഭിക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർ ഉച്ചകോടിയിൽ നേരിട്ട് പങ്കാളികളാകും. ഉച്ചകോടിയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച രാവിലെ ന്യൂഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലെത്തിയ പുതിനെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് സ്വീകരിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഇവർക്ക് പുറമേ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ബെലാറഷ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ-സിസി, കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ്, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, തായ് പ്രധാനമന്ത്രി അനുതിൻ ചാർൺവിരാകുൽ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ബ്രസീലിയൻ പ്രസിഡന്റിന് പകരം വിദേശകാര്യ മന്ത്രി മൗറോ വിയേരയും യുഎഇ പ്രസിഡന്റിന് പകരം അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമാണ് എത്തിയിട്ടുള്ളത്. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിയുടെ ഭാഗമായേക്കും.

ആഗോള നേതാക്കളുടെ സന്ദർശനം പ്രമാണിച്ച് തലസ്ഥാനത്ത് കടുത്ത സുരക്ഷയും ഗതാഗത ക്രമീകരണങ്ങളുമാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. 30,000-ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇതിൽ 15,000 പോലീസ് ഉദ്യോഗസ്ഥരും 200 കമ്പനി പാരാമിലിട്ടറി സേനയും ഉൾപ്പെടുന്നു. വിമാനത്താവളം, ഹോട്ടലുകൾ, ഭാരത് മണ്ഡപം എന്നിവയ്ക്ക് ചുറ്റും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഫേഷ്യൽ റെക്കഗ്നിഷൻ, വാഹന നമ്പർ പ്ലേറ്റ് പരിശോധനാ സംവിധാനങ്ങളുള്ള 500-ലധികം സിസിടിവി ക്യാമറകൾ വഴി 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. മഥുര റോഡ്, സർദാർ പട്ടേൽ മാർഗ്, ശാന്തി പഥ്, ജൻപഥ്, അശോകാ റോഡ് ഉൾപ്പെടെ 35-ലധികം പ്രധാന പാതകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകും. നോയിഡയിൽനിന്ന് ചില്ല, ഡിഎൻഡി, കാളിന്ദി കുഞ്ച് വഴി ഡൽഹിയിലേക്ക് പ്രവേശിക്കുന്ന ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് മെട്രോ സേവനങ്ങൾ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഒറ്റ ബസിൽ സഞ്ചരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് പുതിൻ, ഇറാൻ പ്രസിഡന്റ് പെസെഷ്കിയാൻ എന്നിവരുമായി വ്യാപാരാവശ്യങ്ങൾ മുൻനിർത്തി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നാണ് വിവരം. 2020-ലെ ഗാൽവൻ അതിർത്തി സംഘർഷത്തിനുശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2009-ൽ രൂപീകരിച്ച ബ്രിക്സ് കൂട്ടായ്മയിൽ നിലവിൽ സൗദി അറേബ്യ, യുഎഇ, ഇറാൻ ഉൾപ്പെടെ 11 അംഗരാജ്യങ്ങളുണ്ട്.

Continue Reading