NATIONAL
ആക്ടിവിസ്റ്റ് നോദീപ് കൗറിന് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു. നോദീപ് കൗറിന് പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു.
ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ സോനിപത്തിൽ നിന്ന് ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഷക സമരത്തിൽ സജീവമാകുന്നതിനിടെയായിരുന്നു അറസ്റ്റ്. കുണ്ഡലിയിലെ വ്യവസായ സ്ഥാപനത്തിലെ മാനേജ്‌മെന്റ് പ്രതിനിധികളെയും, ജീവനക്കാരെയും ആക്രമിച്ചുവെന്നാണ് നോദീപ് കൗറിനെതിരെയുള്ള ആരോപണം. പൊലീസ് കസ്റ്റഡിയിൽ പുരുഷ പൊലീസുകാർ ക്രൂരമായി മർദിച്ചെന്ന് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമടക്കം പരിശോധിച്ചാണ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, സിംഗുവിൽ പതിനേഴുകാരൻ കൂടി മരിച്ചതോടെ പ്രക്ഷോഭത്തിൽ ആകെ മരിച്ചവരുടെ എണ്ണം 252 ആയി. ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം തൊണ്ണൂറ്റിമൂന്നാം ദിവസത്തിലും സജീവമായി തുടരുകയാണ്. അതിനിടെ പ്രക്ഷോഭ മേഖലകളിലെ കർഷകർ ഇന്ന് യുവ കിസാൻ ദിവസമായി ആചരിച്ചു. യുവ കർഷകരാണ് ഇന്ന് സമരവേദികൾ കൈകാര്യം ചെയ്തത്.