KERALA
ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി കെ. സുരേന്ദ്രൻ നടത്തിയ പ്രഖ്യാപനത്തിൽ അതൃപ്‌തിയുമായി കേന്ദ്രനേതൃത്വം

ന്യൂഡൽഹി : ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രൻ നടത്തിയ പ്രഖ്യാപനത്തിൽ അതൃപ്‌തിയുമായി ബി ജെ പി കേന്ദ്രനേതൃത്വം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ സുരേന്ദ്രൻ നടത്തിയ പ്രഖ്യാപനം കേന്ദ്ര നേതാക്കളെ ഞെട്ടിച്ചു. ബി ജെ പി ദേശീയ നേതൃത്വമാണ് സാധാരണഗതിയിൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിമാരെ പ്രഖ്യാപിക്കുക. ഇതിനു വിപരീതമായി സുരേന്ദ്രൻ നടത്തിയ പ്രഖ്യാപനമാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.
വിജയ യാത്രയ്‌ക്ക് പത്തനംതിട്ട തിരുവല്ലയിൽ നടന്ന സ്വീകരണ യോഗത്തിലായിരുന്നു ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി കൊണ്ടുളള സുരേന്ദ്രന്റെ പ്രഖ്യാപനം. നേരത്തെ ദേശീയ മാദ്ധ്യമങ്ങളിലടക്കം ശ്രീധരൻ കേരളത്തിലെ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക സംസ്ഥാനത്തിന് വേണമെന്നുളളത് കൊണ്ടുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കൊണ്ടുവരുന്നതെന്നാണ് സുരേന്ദ്രൻ തിരുവല്ലയിൽ പറഞ്ഞത്.
കേന്ദ്രനേതാക്കൾ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതോടെ ഇന്ന് രാവിലെ തന്റെ പ്രഖ്യാപനത്തിൽ നിന്ന് സുരേന്ദ്രൻ മലക്കം മറിയുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാർട്ടിയും ഇ ശ്രീധരനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്രനേതൃത്വവുമായി ചർച്ച ചെയ്‌താണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. സംഭവം വിവാദമാക്കിയത് മാദ്ധ്യമങ്ങളുടെ കുബുദ്ധിയെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.’ഞാൻ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. പാർട്ടി സംവിധാനത്തെപ്പറ്റി അദ്ധ്യക്ഷനെന്ന നിലയിൽ എനിക്ക് നല്ല ബോദ്ധ്യമുണ്ട്. കേരളത്തിൽ ബി ജെ പി സർക്കാരുണ്ടാക്കും. എനിക്കല്ല തീരുമാനമെടുക്കേണ്ട അധികാരം. ഇ ശ്രീധരൻ വരും, മുന്നിൽ നിന്ന് നയിക്കും. പാർട്ടി ഒന്നിച്ചിരുന്ന് ആലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത്. ഞാൻ ഇന്നലെ പറഞ്ഞതിൽ ഒരു ആശയക്കുഴപ്പവുമില്ല. സമയത്ത് കേന്ദ്ര നേതൃത്വം എല്ലാം പറയും. അനാവശ്യമായി ആശയക്കുഴപ്പമുണ്ടാക്കരുതെന്നും’ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.