NATIONAL
പഴയ എഐഡിഎംകെ ഇപ്പോള്‍ ഇല്ല. ഇപ്പോഴുള്ളത് മാസ്‌ക് ധരിച്ചെത്തിയ ആര്‍എസ്എസോ ബിജെപിയോ എന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭരണകക്ഷിയായ എഐഡിഎംകെയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മുഖംമൂടിയണിഞ്ഞ ആര്‍എസ്എസും ബിജെപിയുമാണ് ഇപ്പോള്‍ എഐഡിഎംകെ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും മുന്നില്‍ തലകുമ്പിട്ട് നില്‍ക്കാന്‍ നിര്‍ബന്ധിതനാകുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു തെരഞ്ഞടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കൊവിഡ് കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങാറുള്ളത്. മാസ്‌ക് ധരിച്ചതുകൊണ്ട് ആള്‍ക്കാരെ ഇന്നത്തെ കാലത്ത് തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്. മുഖംമൂടികള്‍ പലതും മറയ്ക്കുന്നു.
തമിഴ്്‌നാട്ടിലെ എഐഡിഎംകെയുടെ കാര്യത്തിലെന്നപോലെ. പഴയ, നമ്മള്‍ അറിയുന്ന എഐഡിഎംകെ അല്ല ഇപ്പോഴത്തെ എഐഡിഎംകെ. പഴയ എഐഡിഎംകെ ഇപ്പോള്‍ ഇല്ല. ഇപ്പോഴുള്ളത് മാസ്‌ക് ധരിച്ചെത്തിയ ആര്‍എസ്എസോ ബിജെപിയോ ആണ്. രാഹുല്‍ ഗാന്ധി പറഞ്ഞു.
സമ്പൂര്‍ണ്ണ അധികാരവും ബിജെപിയ്ക്ക് നല്‍കിയ പാര്‍ട്ടിയാണ് എഐഡിഎംകെയെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായ ഡിഎംകെ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എംകെ സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ അടുത്ത മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.