KERALA
രാഹുൽ ഗാന്ധിക്കെതിരെ ജോയ്സ് ജോർജ് നടത്തിയ പരാമർശങ്ങളിൽ സ്ത്രീ വിരുദ്ധമായ ഒന്നുമില്ലെന്ന് എം എം മണി

ഇടുക്കി : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എം പി ജോയ്സ് ജോർജ് നടത്തിയ പരാമർശങ്ങളിൽ സ്ത്രീ വിരുദ്ധമായ ഒന്നുമില്ലെന്ന് മന്ത്രി എം എം മണി. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലെ തിരിഞ്ഞെടുപ്പ് പരിപാടിയിൽ ജോയ്സ് ജോർജിനൊപ്പം താനും വേദി പങ്കിട്ടിരുന്നെന്നും, അദ്ദേഹം രാഹുലിനെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. എൽ ഡി എഫ് സ്ഥാനാർഥി എം എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജോയ്സ് ജോർജ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചത്. സമൂഹ മാദ്ധ്യമങ്ങളിലടക്കം അദ്ദേഹത്തിന്റെ വാക്കുകൾ കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്
രാഹുൽ ഗാന്ധിയുടെ അടുത്ത് പെൺകുട്ടികൾ വളഞ്ഞും കുനിഞ്ഞും ഒന്നും നിൽക്കരുതെന്നും കാരണം അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു ഇടുക്കി മുൻ എം പി പെൺകുട്ടികൾക്ക് പ്രസംഗത്തിനിടെ നൽകിയ ഉപദേശം. രാഹുൽ വിദ്യാർത്ഥിനികളോരാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂവെന്നും വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണെന്നും അതിനാൽ സ്ത്രീകൾ സൂക്ഷിക്കണമെന്നും ജോയ്സ് ജോർജ് പറഞ്ഞു.
എറണാകുളം സെന്റ് തെരേസാസ് കോളജിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി വിദ്യാർത്ഥിനികൾക്ക് ഐക്കിഡോ പരിശീലിപ്പിച്ചിരുന്നു. ആക്രമണമുണ്ടായാൽ സ്വയം പ്രതിരോധിക്കുന്നതിനുള്ള പ്രാഥമിക പാഠങ്ങളാണ് രാഹുൽ ഗാന്ധി പകർന്നു നൽകിയത്. എന്നാൽ ഇതിനെ പരിഹസിക്കുകയാണ് ജോയ്സ് ജോർജ് ചെയ്തത്. അതേസമയം രാഹുലിനിതെരി മോശമായി പരാമർശം നടത്തിയ ജോയ്സിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് പറഞ്ഞു.